കോഹ്‍ലി, ഇന്ത്യ പ്രതീക്ഷിക്കുന്നു ഒരു ട്രിപ്പിള്‍

മോയിൻ അലിയുടെ പന്ത് വിരാട് കോഹ്ലിയുടെ ബാറ്റിൻ്റെ ഒൗട്ട്സൈഡ് എഡ്ജ് കണ്ടെത്തിയതിനുശേഷം സ്ലിപ്പിൽ ബെൻ സ്റ്റോക്സിൻ്റെ കരങ്ങളിൽ എത്തിയപ്പോൾ കളി കണ്ടിരുന്നവരെല്ലാം നിരാശയിൽ മുങ്ങിത്താഴ്ന്നു.ഒരു­ ചെറിയ സ്കോറിനല്ല വിരാട് പുറത്തായത്.167 റണ്ണുകൾ അയാൾ സ്വന്തം പേരിലേക്ക് ചേർത്തിരുന്നു.എന്നിട്ടും നമ്മുടെ ശിരസ്സുകൾ സങ്കടത്താൽ കുനിഞ്ഞുപോയതെന്തേ? കാരണം നിസ്സാരം.ഇന്ത്യ മുഴുവൻ കാത്തിരുന്നത് വിരാടിൻ്റെ ഇരട്ടസെഞ്ച്വറിയ്ക്കു­ വേണ്ടിയായിരുന്നു!

മറ്റു ബാറ്റ്സ്മാൻമാരിൽ നിന്ന് സെഞ്ച്വറികൾ പ്രതീക്ഷിക്കുമ്പോൾ, വിരാടിൽ നിന്ന് നാം മോഹിക്കുന്നത് ഡബിൾ സെഞ്ച്വറികളാണ് ! സെഞ്ച്വറി തികച്ചയുടൻ വിക്കറ്റ് വലിച്ചെറിയുന്ന പഴയ ചൂടൻ വിരാട് അല്ല ഇന്ന് ഇന്ത്യയെ നയിക്കുന്നത്.വമ്പൻ സ്കോറുകൾ മാത്രം ലക്ഷ്യം വെയ്ക്കുന്ന പക്വമതിയായി വിരാട് വളർന്നിരിക്കുന്നു.സെ­ഞ്ച്വറി തികച്ചപ്പോഴും ഹെൽമറ്റ് അഴിക്കാതെ ബാറ്റിംഗ് തുടർന്നത് അതിൻ്റെ വ്യക്തമായ സൂചനയാണ്.നിർഭാഗ്യവശാ­ൽ അയാൾക്കു ഇരട്ടശതകം എന്ന ലക്ഷ്യം പൂർത്തീകരിക്കാനായില്ല.

വെള്ളക്കുപ്പായമണിഞ്ഞ് ബാറ്റ് ചെയ്യുന്നവർക്ക് വിജയിക്കാൻ ഒട്ടേറെ കടമ്പകൾ തരണം ചെയ്യേണ്ടതുണ്ട്.പിച്ച്,കാലാവസ്ഥ,എതിർടീമി­ലെ ബൗളർമാർ…മറികടക്കാൻ­ പ്രതിബന്ധങ്ങൾ ധാരാളം.ഈ കളിയ്ക്ക് “ടെസ്റ്റ്” എന്ന പേര് യാദൃശ്ചികമായി വന്നതൊന്നുമല്ല.വൈസാഗില്‍ വിരാടിന് പോരാട്ടം തന്നോടുതന്നെയായിരുന്നു! തൻ്റെ ജന്മവാസനയെയാണ് അയാൾ നിയന്ത്രിക്കാനും കീഴടക്കാനും ശ്രമിച്ചത്!

രാജ്കോട്ടിൽ തങ്ങൾക്ക് വിജയം നിഷേധിച്ച വിരാടിനെ വീഴ്ത്താൻ ചില പദ്ധതികളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.ജെയിംസ് ആൻഡേഴ്സനും സ്റ്റ്യുവർട്ട് ബ്രോഡും ഒാഫ്സ്റ്റംമ്പിനു പുറത്തൊരു കെണി ഒരുക്കിയിരുന്നു.ഇംഗ്ലണ്ടിൽ വെച്ച് വിരാടിനെ മെരുക്കാൻ ഈ സഖ്യത്തിന് കഴിഞ്ഞിരുന്നു.പക്ഷേ തെറ്റുകളിൽ നിന്ന് പഠിക്കുന്നവനാണ് വിരാട്. അയാൾ പിഴവുകൾ ആവർത്തിക്കാൻ ഇഷ്ടപ്പെടാത്തവനാണ്.ത­ന്നെ ഉറ്റുനോക്കുന്ന യുവബാറ്റ്സ്മാൻമാർക്ക് അച്ചടക്കമുള്ള ബാറ്റിങ്ങിനെക്കുറിച്ച് ഒരു മാസ്റ്റർക്ലാസാണ് വിരാട് നൽകിയത്.

കെണിയുടെ കാര്യം തിരിച്ചറിഞ്ഞ വിരാട് പേസ് ബൗളർമാക്കെതിരെ കവറിലേക്ക് കളിക്കുന്ന ഷോട്ടുകളുടെ എണ്ണം കുറച്ചു.സ്പിന്നർമാർക്കെതിരെ അൽപ്പം കൂടി സ്വാതന്ത്ര്യത്തോടെ കളിക്കുകയും ചെയ്തു.തൻ്റെ റണ്ണുകളുടെ സിംഹഭാഗവും കവർഡ്രൈവുകളിലൂടെ സമ്പാദിക്കുന്ന ഒരാളാണ് ഇങ്ങനെ ഒതുങ്ങിക്കൂടിയത് എന്ന് മനസ്സിലാക്കുക ! പിച്ചിൽ നിന്ന് പേസർമാർക്ക് വലിയ സഹായമൊന്നും ലഭിച്ചതുമില്ല.ഇതോടെ ഇംഗ്ലണ്ടിൻ്റെ തന്ത്രവും പാളി….

വിരാടിൻ്റെ കാലുകൾക്കു സമീപം പിച്ച് ചെയ്ത ആദിൽ റഷീദിൻ്റെ ഗൂഗ്ലിയും ആ ബാറ്റ്സ്മാൻ്റെ മികവിനെക്കുറിച്ച് പറഞ്ഞുതരും.അടുത്തനിമിഷം ആ പന്ത് ബാക്ക് വേഡ് പോയൻ്റിലൂടെ വേലിക്കെട്ടിലേക്ക് പാഞ്ഞു ! മിക്ക ബാറ്റ്സ്മാൻമാരും ഒറ്റ റൺ കൊണ്ട് തൃപ്തിപ്പെടുമായിരുന്ന ആ സാഹചര്യത്തിൽ വിരാട് മൂന്നു റൺസ് അധികം നേടി ! ഇതുകൊണ്ടൊക്കെയാണല്ലോ­ വിരാട് മറ്റുള്ളവരേക്കാൾ കാതങ്ങൾ മുന്നിൽ തലയെടുപ്പോടെ നിലകൊള്ളുന്നതും ! നല്ല പന്തുകൾ ബൗണ്ടറി കടത്താൻ മാത്രമല്ല ; “ഹിറ്റ്-മീ ഡെലിവെറി” എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന മോശം പന്തുകളുടെ ആനുകൂല്യം മുതലെടുക്കാനും അയാൾക്ക് നന്നായി അറിയാം !

വിരാട് 150 റൺസ് തികച്ചപ്പോൾ രവിശാസ്ത്രി പറഞ്ഞു-

“ധാരാളം സ്കൂൾകുട്ടികൾ കളികാണാൻ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്.അവർക്ക് ഒരു വിരുന്ന് തന്നെയാണ് വിരാടിൻ്റെ ബാറ്റിംഗ്.”

ഇയൻ ബോതം ഉടൻ ശാസ്ത്രിയെ തിരുത്തി-

“കുട്ടികൾക്ക് മാത്രമല്ല ; ഈ ബാറ്റിംഗ് നമുക്കും വിരുന്നാണ്.”

പ്രിയ ബീഫീ, നിങ്ങൾ ലോകം കണ്ട മികച്ച ഒാൾറൗണ്ടറാണ്. പക്ഷേ “നമുക്ക് ” എന്നതുകൊണ്ട് ഉദ്ദ്യേശിച്ചത് കമൻ്റേറ്റർമാരെ മാത്രമാണെങ്കിൽ നിങ്ങളെയും ഞങ്ങൾക്ക് തിരുത്തിയേ തീരൂ. കളി കാണുന്ന സകലർക്കും വിരാടിൻ്റെ ബാറ്റിംഗ് വിരുന്നുതന്നെയാണ്. ഒരിക്കലും അവസാനിക്കരുതേ എന്ന് കൊതിച്ചുപോവുന്ന വിരുന്ന്!

അധികം വൈകാതെ വിരാട് ഒരു ട്രിപ്പിൾ സെഞ്ച്വറി നേടുമെന്നാണ് വി.വി.എസ് ലക്ഷ്മണിൻ്റെ പ്രവചനം. കളിയുടെ മർമ്മമറിയുന്ന,വമ്പൻ സ്കോറുകൾ നേടി പരിചയമുള്ള ലച്ചൂഭായി ഇങ്ങനെ പറയുമ്പോൾ നമുക്ക് സ്വപ്നങ്ങൾ കാണാൻ അവകാശമുണ്ട്. ഇതിനുമുമ്പ് ട്രിപ്പിൾ നേടാൻ ഒരേയൊരു ഭാരതീയനേ കഴിഞ്ഞിട്ടുള്ളൂ.അയാൾ­ വിരാടിൻ്റെ നാട്ടുകാരനാണ് ; വിരാടിന് സഹോദരതുല്യനാണ്. സാക്ഷാൽ വീരേന്ദർ സെവാഗ് ! വിരാട്,നിങ്ങൾ ഒരു ട്രിപ്പിൾ നേടിയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വീരു പാജി തന്നെയായിരിക്കും.

നിങ്ങൾക്കതിന് കഴിയും-കഴിയണം.

Previous articleഅന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രീമിയര്‍ ലീഗ് ആരവം
Next articleപുതു പ്രതീക്ഷയേകി എഫ്‌.സി കേരള