അവസാന ദിവസം വിജയം പിടിച്ചെടുത്ത് ഇന്ത്യന്‍ യുവരക്തങ്ങള്‍

- Advertisement -

രണ്ടാം യൂത്ത് ടെസ്റ്റിലും വിജയം ഇന്ത്യയ്ക്കൊപ്പം. മത്സരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഏറെക്കുറെ സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്ന മത്സരത്തില്‍ ബൗളിംഗ് കരുത്തില്‍ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. 339 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിനെ 241 റണ്‍സിനു പുറത്താക്കി ഇന്ത്യ 97 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 292 റണ്‍സില്‍ അവസാനിച്ചു. ശിവം മാവി 86 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അശോക് സന്ധു(50), പൃഥ്വി ഷാ(51) എന്നിവരായിരുന്നു ആദ്യ ഇന്നിംഗ്സിലെ പ്രധാന സ്കോറര്‍മാര്‍. ഇംഗ്ലണ്ടിന്റെ റയാന്‍ പട്ടേല്‍ നാല് വിക്കറ്റ് നേടി.

കമലേഷ് നാഗര്‍കോടി(3), അശോക് സന്ധു(2) എന്നിവരോടൊപ്പം മറ്റു ഇന്ത്യന്‍ ബൗളര്‍മാരും വിക്കറ്റ് പട്ടികയില്‍ ഇടം നേടിയപ്പോള്‍ 284 റണ്‍സിനു ഇംഗ്ലണ്ടിനെ പുറത്താക്കി ഇന്ത്യ 8 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ വില്‍ ജാക്സ്(102) പത്താമനായി പുറത്തായപ്പോള്‍ മാക്സ് ഹോള്‍ഡന്‍(71), ജോര്‍ജ് ബാര്‍ട്ലെറ്റ്(56) എന്നിവരുടെ ഇന്നിംഗ്സുകള്‍ക്കും ലീഡ് നേടുന്നതിലേക്ക് ഇംഗ്ലണ്ടിനെ കൊണ്ടെത്തിക്കാനായില്ല.

8 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്കായി ഷുബ്മന്‍ ഗില്‍(102) ശതകം നേടി. റിയാന്‍ പരാഗ്(52), പൃഥ്വി ഷാ(44), ഹാര്‍വിക് ദേശായി(32) എന്നിവരുടെ ഇന്നിംഗ്സുകളുടെ ബലത്തില്‍ ഇന്ത്യ നാലാം ദിവസം ലഞ്ചിനു ശേഷം 330 റണ്‍സിനു ഓള്‍ഔട്ടായി. ഇംഗ്ലണ്ടിനു വിജയിക്കാന്‍ 339 റണ്‍സ്. അമര്‍ വിര്‍ദ്ദി(4), റയാന്‍ പട്ടേല്‍(3), ജോര്‍ജ് പനായി(2) എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ പ്രധാന വിക്കറ്റ് നേട്ടക്കാര്‍.

വിജയലക്ഷ്യം എന്നതിനെക്കാള്‍ മത്സരം സമനിലയില്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടിറങ്ങിയ ഇംഗ്ലണ്ടിനു തുടക്കം തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ജോര്ജ് ബാര്‍ട്ലെറ്റ്(71), റയാന്‍ പട്ടേല്‍(47) എന്നിവരുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് വാലറ്റത്തെ ചുരുട്ടിക്കെട്ടുക തീര്‍ത്തും അനായാസകരമായ ജോലി ആയിരുന്നു. രണ്ടാം ഇന്നിംഗ്സിലെ ഇംഗ്ലണ്ട് ചെറുത്ത് നില്പ് 53.4 ഓവറുകള്‍ക്ക് ശേഷം 241 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 97 റണ്‍സിന്റെ വിജയം. 3 വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ഇന്ത്യയുടെ വിജയശില്പി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement