
കൊളംബോയില്‍ ഇന്ന് ആരംഭിച്ച രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം ഇന്ത്യന്‍ ആധിപത്യം. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ നേടിയ ശതകങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യ ആദ്യ ദിവസം 344/3 എന്ന സ്കോര്‍ നേടിയിട്ടുണ്ട്. നാലാം വിക്കറ്റില്‍ പുജാര(128*)-രഹാനെ(103*) സഖ്യം അപരാജിതമായ 211 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത് എന്നിവരാണ് ശ്രീലങ്കയുടെ വിക്കറ്റ് നേട്ടക്കാര്‍.
ടോസ് നേടിയ ഇന്ത്യ ഒരു മാറ്റവുമായാണ് മത്സരത്തിനിറങ്ങിയത്. അഭിനവ് മുകുന്ദിനു പകരം ലോകേഷ് രാഹുല്‍ ടീമില്‍ മടങ്ങിയെത്തി. ശ്രീലങ്ക മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. മലിന്‍ഡ പുഷ്പകുമാര ശ്രീലങ്കയ്ക്കായി അരങ്ങേറ്റവും കുറിച്ചു. ശിഖര്‍ ധവാന് – രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റില്‍ 56 റണ്‍സ് കൂട്ടുകെട്ട് നേടി. 35 റണ്‍സ് നേടി ധവാനെ ദില്‍രുവന്‍ പെരേര പുറത്താക്കിയെങ്കിലും പുജാരയും രാഹുലും ചേര്‍ന്ന് കൂടുതുല്‍ നഷ്ടമില്ലാതെ ലഞ്ച് വരെ ഇന്ത്യയെ കൊണ്ടെത്തിച്ചു. ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 101/1.
ലഞ്ചിനു ശേഷം ഏറെ വൈകാതെ ഇന്ത്യയ്ക്ക് റണ്‍ഔട്ട് രൂപത്തില്‍ രാഹുലിനെ നഷ്ടമായി. തന്റെ തുടര്‍ച്ചയായ ആറാം അര്‍ദ്ധ ശതകത്തിനു ശേഷം 57 റണ്‍സ് നേടിയാണ് രാഹുല്‍ മടങ്ങിയത്. 13 റണ്‍സ് നേടിയ വിരാട് കോഹ്ലിയെയും നഷ്ടമായപ്പോള്‍ ശ്രീലങ്കയ്ക്ക് രണ്ടാം സെഷനില്‍ നേരിയ മേല്‍ക്കെ. എന്നാല്‍ പിന്നീട് എത്തിയ അജിങ്ക്യ രഹാനെ പുജാരയുമായി ചേര്‍ന്ന് മത്സരം ശ്രീലങ്കയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.
ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധികാരികതയോടെ ബാറ്റ് വീശിയ സഖ്യം 211 റണ്‍സാണ് ഈ രണ്ട് സെഷനുകളിലായി നേടിയത്. മൂന്നാം സെഷനില്‍ ഒരു വിക്കറ്റ് പോലും നേടാനാവാതെയാണ് ആതിഥേയര്‍ ആദ്യ ദിവസം അവസാനിപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial