മൊഹാലി ടെസ്റ്റില്‍ ഇന്ത്യ

- Advertisement -

മൊഹാലി ടെസ്റ്റ് സ്വന്തമാക്കി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ 2-0 ലീഡ് നേടിയിരിക്കുന്നു. 8 വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് മുരളി വിജയിനെ(0) ആദ്യം തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

നാലാം ദിവസം 78/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു സ്കോറിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ഗാരത് ബാറ്റിയെ നഷ്ടമായി. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. ജോസ് ബട്ലറെ(18) പുറത്താക്കി ജയന്ത് യാദവ് ഇംഗ്ലണ്ടിന്റെ ഏഴാം വിക്കറ്റ് സ്വന്തമാക്കി. എന്നാല്‍ പരിക്കിനാല്‍ ബാറ്റിംഗിനിറങ്ങാതിരുന്ന ഹസീബ് ഹമീദാണ് ജോ റൂട്ടിനു കൂട്ടായി ക്രീസിലെത്തിയത്. റൂട്ടും ഹസീബും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ചെറുത്ത് നില്പ് പ്രകടിപ്പിച്ചപ്പോള്‍ ലീഡ് ഇംഗ്ലണ്ടിന്റെ പക്ഷത്തായി. എന്നാല്‍ ജോ റൂട്ടിനെ പുറത്താക്കി ജഡേജ വീണ്ടും ഇന്ത്യയുടെ രക്ഷകനായി. അജിങ്ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 78 റണ്‍സാണ് റൂട്ട് നേടിയത്. ക്രിസ് വോക്സുമായി ചേര്‍ന്ന് ഹസീബ് ചെറിയൊരു കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും വോക്സിനെ പുറത്താക്കി ഷാമി ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ഭീഷണിയിലാക്കി. രണ്ട് പന്തുകള്‍ക്ക് ശേഷം അതേ ഓവറില്‍ ആദില്‍ റഷീദിനെയും ഷാമി പുറത്താക്കി. അവസാന വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്സണുമായി ചേര്‍ന്ന് സ്കോര്‍ 200കടത്തിയ ഹസീബ് ഇതിനിടെ തന്റെ അര്‍ദ്ധ സെഞ്ച്വറി തികച്ചു. എന്നാല്‍ ജെയിംസ് ആന്‍ഡേഴ്സണെ റണ്‍ഔട്ടാക്കി ഇന്ത്യ ഇംഗ്ലണ്ട് ഇന്നിംഗ്സ് 236ല്‍ അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വിജയിക്കാന്‍ 103 റണ്‍സ്.

മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജഡേജ ഉമേഷ് യാദവ് ജയന്ത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റും അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി 54 പന്തില്‍ 67 റണ്‍സ് നേടിയ പാര്‍ഥിവ് പട്ടേലാണ് ഇംഗ്ലണ്ട് ബൗളിംഗിന കടന്നാക്രമിച്ചത്. പുജാരയും പാര്‍ഥിവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിചേര്‍ത്തു. 25 റണ്‍സെടുത്ത പുജാരയെ ആദില്‍ റഷീദ് പുറത്താക്കുകയായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ 6 റണ്‍സെടുത്ത വിരാട് കോഹ്‍ലിയായിരുന്നു പാര്‍ഥിവിനു കൂട്ടായി ക്രീസില്‍.

Advertisement