വൈസാഗ് ടെസ്റ്റില്‍ ഉജ്ജ്വല വിജയം, പരമ്പരയില്‍ ഇന്ത്യ മുന്നില്‍

- Advertisement -

ഇംഗ്ലണ്ടിനെ 246 റണ്‍സിനു തകര്‍ത്ത് ഇന്ത്യക്ക് വൈസാഗ് ടെസ്റ്റില്‍ ഉജ്ജ്വല വിജയം. അഞ്ചാം ദിവസത്തെ രണ്ടാം സെഷനില്‍ ഇംഗ്ലണ്ട് 158 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബാരിസ്റ്റോയുടെ ചെറുത്ത് നില്പ് മാത്രമാണ് ഇംഗ്ലണ്ട് ടീമിനു ആശ്വാസം നല്‍കിയ പ്രകടനം. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിനും ജയന്ത് യാദവും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

87/2 എന്ന നിലയില്‍ അഞ്ചാം ദിവസം പുനരാരംഭിച്ച ഇംഗ്ലണ്ടിനു സ്കോര്‍ 92ല്‍ നില്‍ക്കെ ബെന്‍ ഡക്കറ്റിനെ നഷ്ടമായി. പൂജ്യത്തിനാണ് ഡക്കറ്റ് പുറത്തായത്. അശ്വിനായിരുന്നു വിക്കറ്റ്. മോയിന്‍ അലിയെ പുറത്താക്കി രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനു നാലാം പ്രഹരം നല്‍കിയപ്പോള്‍ സ്കോര്‍ 101. ബെന്‍ സ്റ്റോക്ക്സിനെ ജയന്ത് യാദവ് പുറത്താക്കിയപ്പോള്‍ ജോ റൂട്ടിനെ മുഹമ്മദ് ഷാമി വിക്കറ്റിനു മുന്നില്‍ കുടുക്കി. സ്കോര്‍ 115ല്‍ നില്‍ക്കെയാണ് ഇരുവരെയും ഇംഗ്ലണ്ടിനു നഷ്ടമായത്. 4 റണ്‍സ് നേടിയ ആദില്‍ റഷീദിന്റെ വിക്കറ്റ് മുഹമ്മദ് ഷാമി നേടിയപ്പോള്‍ സഫര്‍ അന്‍സാരിയെ പൂജ്യത്തിനു പുറത്താക്കി അശ്വിന്‍ ഇന്നിംഗ്സിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും ജോണി ബാരിസ്റ്റോ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്.

40 പന്തില്‍ 34 റണ്‍സ് നേടിയ ബാരിസ്റ്റോ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. സ്റ്റുവര്‍ട് ബ്രോഡിനെയും ജെയിംസ് ആന്‍ഡേഴ്സണേയും വിക്കറ്റിനു മുന്നില്‍ കുടുക്കിയ ജയന്ത് യാദവാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ അവസാന രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

വിരാട് കോഹ്‍ലിയാണ് മാന്‍ ഓഫ് ദി മാച്ച്.

Advertisement