
ശിഖര്‍ ധവാനും ചേതേശ്വര്‍ പുജാരയും നിറഞ്ഞാടിയ ആദ്യ ദിവസം ശക്തമായ ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് ഇന്ത്യ. അസേല ഗുണരത്നേ പരിക്കേറ്റ് പുറത്തായത് ടീമിനു കൂടുതല്‍ തിരിച്ചടിയായി. അഭിനവ് മുകുന്ദിനെ(12) നഷ്ടമായ ശേഷം ധവാന്-പുജാര സഖ്യം ശ്രീലങ്കയെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 359 റണ്‍സ് നേടിയിട്ടുണ്ട്.
ശിഖര്‍ ധവാന് തീപ്പൊരിയായി മാറിയ കൂട്ടുകെട്ടില്‍ ഇന്ത്യ രണ്ടാം വിക്കറ്റില്‍ 253 റണ്‍സാണ് സ്വന്തമാക്കിയത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ ശിഖര്‍ 168 പന്തില്‍ 190 റണ്‍സ് നേടി പുറത്താകുകയായിരുന്നു. അര്‍ഹമായ ഇരട്ട ശതകം 10 റണ്‍സ് അകലെ വെച്ച് നഷ്ടമായെങ്കിലും ധവാന്റെ ഇന്നിംഗ്സ് കണ്ണിനു കുളിര്‍മ്മയേകുന്നതായിരുന്നു. 31 ബൗണ്ടറികള്‍ കണ്ടെത്തിയ ധവാന് അവസരം നല്കി വിക്കറ്റിന്റെ മറു സൈഡില്‍ ഒതുങ്ങാനാണ് ചേതേശ്വര്‍ പുജാരയും ഏറെ ശ്രമിച്ചത്.
ധവാന്റെ നഷ്ടത്തിനു തൊട്ടു പിന്നാലെ വിരാട് കോഹ്ലിയെയും(3) നഷ്ടമായെങ്കിലും പുജാരയും രഹാനെയും ഇന്ത്യയെ കൂടുതല്‍ നഷ്ടമില്ലാതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 144 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 39 റണ്‍സ് നേടി അജിങ്ക്യ രഹാനെയുമാണ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍. 113 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ചേതേശ്വര്‍-രഹാനെ കൂട്ടുകെട്ട് സ്വന്തമാക്കിയത്.
ശ്രീലങ്ക് വീഴ്ത്തിയ 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത് നുവാന്‍ പ്രദീപാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial