ഇന്ത്യയുടെ രണ്ടാം വന്മതില്‍

- Advertisement -

ഇൻഡോറിൽ മിച്ചൽ സാന്റനര്‍ അജിൻക്യ രഹാനെയ്ക്കെതിരെ പന്തെറിയുകയാണ്.അവസാന സെഷൻ. രഹാനെ ഇരട്ടസെഞ്ച്വറിയോട് അടുത്തുകൊണ്ടിരിക്കുന്നു. സാൻ്റ്നറുടെ പന്ത് കവറിലെ രണ്ടു ഫീൽഡർമാരുടെ മുകളിലൂടെ അപ്രത്യക്ഷമായി! ആ ഷോട്ടിനു വേണ്ടിത്തന്നെയാണ് കിവീസ് നായകൻ ഫീൽഡർമാരെ കവറിൽ വിന്യസിച്ചത്. എന്നിട്ടും രഹാനെ അവിടേയ്ക്കു തന്നെ ഷോട്ട് കളിച്ചു. അയാൾ ആക്രമിക്കാനുള്ള മൂഡിലായിരുന്നു. സ്പിന്നർമാർക്കെതിരെ പലട്ടം ക്രീസ് വിട്ടിറങ്ങി ഷോട്ടുകൾ കളിച്ചു. ആദ്യ ഡബിൾ സെഞ്ച്വറി എന്ന നാഴികക്കല്ല് അയാളെ പ്രലോഭിപ്പിച്ചില്ല. ടീമിന് വേഗത്തിൽ റണ്ണുകൾ ആവശ്യമായിരുന്നു.രഹാനെ അതിന് അനുയോജ്യമായ രീതിയിൽ ബാറ്റ് വീശി. മുൻ ന്യൂസിലൻ്റ് ഫാസ്റ്റ് ബൗളർ സൈമൺ ഡൂൾ രഹാനെയുടെ ഈ മനോഭാവത്തെ മനസ്സുനിറഞ്ഞ് പ്രശംസിച്ചു…

പക്ഷേ ഈ ആത്മാർത്ഥതയ്ക്ക് രഹാനെ വലിയ വില നൽകേണ്ടി വന്നു. കേവലം 12 റണ്ണുകൾക്ക് അയാൾക്ക് ഡബിൾ സെഞ്ച്വറി നഷ്ടമായി. ഒരുനിമിഷം തരിച്ചുനിന്ന കാണികൾ പിന്നീട് എഴുന്നേറ്റു നിന്നു… നാലുപാടും കയ്യടികൾ മുഴങ്ങി… തല ഉയർത്തിപ്പിടിച്ചു തന്നെ രഹാനെ കൂടാരത്തിലേക്ക് മടങ്ങി…

സുനിൽ ഗാവസ്കർ പറഞ്ഞു-‘തൻ്റെ ഹീറോ രാഹുൽ ദ്രാവിഡിനെപ്പോലെ ഒരു കംപ്ലീറ്റ് ടീം മാൻ ആണ് രഹാനെ. വേണമെങ്കിൽ രഹാനെയ്ക്ക് ഡബിളിനു വേണ്ടി സാവകാശം കളിക്കാമായിരുന്നു. പക്ഷേ ടീമിനു വേണ്ടിയാണ് അയാൾ ഒാഫ്സ്റ്റംമ്പിനു പുറത്തെ ഒരു പന്തിനു പിന്നാലെ പോയതും വിക്കറ്റ് കളഞ്ഞതും….’

രഹാനെയുടെ കരിയറിൽ ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. ബംഗ്ലാദേശിലും ടീമിനു വേണ്ടി ഒരു സെഞ്ച്വറി അയാൾ നഷ്ടപ്പെടുത്തിയിരുന്നു. ശ്രീലങ്കയിൽ രോഹിത് ശർമ്മയെ അഞ്ചാമനായി ഇറക്കുന്നതിനു വേണ്ടി സ്വന്തം പൊസിഷൻ ഒഴിഞ്ഞ് മൂന്നാമനായി കളിച്ചതും രഹാനെ തന്നെ. ഇങ്ങനെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും കണ്ടെത്താം. ഈ മനുഷ്യന് നാം ചാർത്തിക്കൊടുത്ത ടീംമാൻ എന്ന വിശേഷണം ഉചിതമാണെന്ന് സാരം !

ബംഗ്ലാദേശിൽ രഹാനെ 98 റണ്ണുകൾക്ക് പുറത്തായപ്പോൾ ഹർഷ ഭോഗ്ലെ പറഞ്ഞത് ഇങ്ങനെയാണ്-

‘ഈ ചെറുപ്പക്കാരൻ നേടിയ 98 റണ്ണുകളെ നോക്കൂ. അയാൾക്ക് നേടാൻ കഴിയാതെ പോയ രണ്ടു റണ്ണുകളെ ശ്രദ്ധിക്കാതിരിക്കൂ ! ‘

നമുക്ക് ഹർഷയോട് യോജിക്കാം. ഇൻഡോറിൽ രഹാനെ നേടിയ 188 റണ്ണുകളെ ഒാർത്ത് സന്തോഷിക്കാം. നഷ്ടമായ 12 റൺസിനെ അവഗണിക്കാം….

ഹോൾക്കർ സ്റ്റേഡിയത്തിലെ പിച്ച് രഹാനെയ്ക്ക് ഒരു ഗുസ്തിക്കളം പോലെ തോന്നിയിട്ടുണ്ടാവണം. കിവീസ് പേസർമാരുടെ ഷോർട്ട് പിച്ച് പന്തുകൾ മുഖമടച്ചുള്ള അടികൾ പോലെ രഹാനെയെ പിന്തുടർന്നു. ആംഗാർഡിലും ഹെൽമറ്റിലുമായി ഏറ്റുവാങ്ങിയ എത്രയെത്ര ഡെലിവെറികൾ! പക്ഷേ അയാൾ വാശിയോടെ തിരിച്ചടിച്ചു. പന്തുകളെ ബൗണ്ടറിയിലേക്ക് പുൾ ചെയ്തു.

ബൗൺസറുകൾ രഹാനെയെ ബുദ്ധിമുട്ടിക്കുന്നത് ഇന്നേവരെ കണ്ടിട്ടില്ല. പേസും ബൗൺസും ഉള്ള വിദേശരാജ്യങ്ങളിലെ പിച്ചുകളിൽ വെന്നിക്കൊടി പാറിച്ചവനാണ് രഹാനെ. ലോർഡ്സിൽ ജിമ്മി ആൻഡേഴ്സനെയും മെൽബണിൽ മിച്ചൽ ജോൺസനെയും പുൾ ചെയ്യാൻ ധൈര്യം കാണിച്ചവനാണ് രഹാനെ. അങ്ങനെയുള്ള അയാൾ ഒരു ഇന്ത്യൻ പിച്ചിൽ കിവീസ് പേസർമാരുടെ ഷോർട്ട് പിച്ച് ബൗളിംഗിനു മുമ്പിൽ വിഷമിച്ചു എന്നത് കൗതുകകരമാണ്. പക്ഷേ അയാൾ കീഴടങ്ങാതെ ഒരറ്റത്ത് നിന്നു. പതുക്കെ എല്ലാം അയാളുടെ വരുതിയിലെത്തുകയും ചെയ്തു….

ഒാർത്തഡോക്സ് ഷോട്ടുകളുടെ ഒരു പ്രദർശനമായിരുന്നു ഇൻഡോറിൽ കണ്ടത്. അയാളുടെ പ്ലേസ്മെൻ്റിലെ മികവുകണ്ട് എല്ലാവരും അന്തം വിട്ടിരുന്നു. റിവേഴ്സ് സ്വീപ്പുകൾ അടക്കം പരീക്ഷിച്ചു. പന്ത് ഉയർത്തിയടിക്കാനും രഹാനെ മടിച്ചില്ല.ക്രീസിൽ നിന്ന് ചാടിയിറങ്ങി സിക്സറുകൾ അടിച്ചുകൂട്ടി. എങ്കിലും മനസ്സിൽ മായാതെ നിൽക്കുന്നത് ഹെൻറിയ്ക്കെതിരെ കളിച്ച കവർഡ്രൈവ് ആണ്….

ഒരുപാട് കാലം ഇന്ത്യൻ ടീമിനൊപ്പം സഞ്ചരിച്ച് വെള്ളക്കുപ്പി ചുമന്നവനാണ് രഹാനെ. പല താരങ്ങൾക്കും ഫോം ആവുന്നതുവരെ അവസരങ്ങൾ നൽകുന്നു. എന്നാൽ കിട്ടിയ ചുരുക്കം അവസരങ്ങൾ കൊണ്ട് കഴിവുതെളിയിച്ചവനാണ് അജു. ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും മികച്ച താരം. ഈ കൊച്ചു മനുഷ്യനെ വീഴ്ത്താതെ ഇന്ത്യയെ തോൽപ്പിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല….

Advertisement