ഇന്ത്യന്‍ വനിതകള്‍ ലോകകപ്പിലേക്ക്

- Advertisement -

ബംഗ്ലാദേശിനെതിരെ 9 വിക്കറ്റ് വിജയവുമായി ഇന്ത്യ വനിത ലോകകപ്പ് യോഗ്യത നേടി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിര‍ഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്ത്യ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ 33.3 ഓവറുകളില്‍ മറികടക്കുകയായിരുന്നു. 78 റണ്‍സ് നേടി പുറത്താകാതെ നിന്ന മോന മേശ്രാമാണ് കളിയിലെ താരം. ക്യാപ്റ്റന്‍ മിതാലി രാജ് 73 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ബംഗ്ലാദേശ് ബാറ്റിംഗില്‍ അര്‍ദ്ധ ശതകം (50) നേടിയ ഫര്‍ഗാന ഹൗക്ക്, 35 റണ്‍സുമായി ഷര്‍മിന്‍ അക്തര്‍ എന്നിവര്‍ക്ക് മാത്രമേ തിളങ്ങാനായുള്ളു. ഇന്ത്യയ്ക്ക് വേണ്ടി മാന്‍സി ജോഷി മൂന്ന് വിക്കറ്റും, ദേവിക വൈദ്യ രണ്ട് വിക്കറ്റും നേടി. ശിഖ പാണ്ഡേ, രാജേശ്വരി ഗയ്ക്വാഡ് എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ പാക്കിസ്ഥാനും, ദക്ഷിണാഫ്രിക്കയും വിജയങ്ങള്‍ സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക ലോകകപ്പിനു യോഗ്യത നേടുകയും ഉണ്ടായി. അയര്‍ലാണ്ടിനെതിരെ 86 റണ്‍സ് വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്.

Advertisement