ത്രിരാഷ്ട്ര പരമ്പരയില്‍ ഇനി ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനല്‍

ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടനുബന്ധിച്ച് നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇനി ശേഷിക്കുന്നത് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനല്‍. ഓഗസ്റ്റ് 8നു പ്രെട്ടോറിയയിലെ എല്‍സി ഡി വില്ലിയേഴ്സ് ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫൈനല്‍ മത്സരം അരങ്ങേറുക. ഇന്നലെ നടന്ന അപ്രസക്തമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിനു പരാജയപ്പെടുത്തിയിരുന്നു.

ദക്ഷിണാഫ്രിക്ക എ ടീം ടോസ് നേടി അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. ഓപ്പണര്‍ ഉസ്മാന്‍ ഖനി(54), രഹ്മത് ഷാ(32), നജീബുള്ള സദ്രാന്‍(28) എന്നിവരുടെ സ്കോറുകളുടെ പിന്‍ബലത്തില്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് അഫ്ഗാനിസ്ഥാന് നേടാനായത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ആരോണ്‍ ഫാന്‍ഗിസോ മൂന്നും, ജൂനിയര്‍ ഡാല രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റ് നേട്ടവുമായി ഡേന്‍ പാറ്റേര്‍സണ്‍, ഡ്വെയിന്‍ പ്രിട്ടോറിയസ്, തബ്രൈസ് ഷംസി എന്നിവരും ഒപ്പം കൂടി.

ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍ഡ്രിക്സ്-ഹെന്‍റി ഡേവിഡ്സ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ഹെന്‍റി ഡേവിഡ്സ്(41) പുറത്താകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 88 റണ്‍സായിരുന്നു. റീസ ഹെന്‍ഡ്രിക്സ് 76 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയ്ക്കായി ടോപ് സ്കോറര്‍ ആയി. ഖായ സോണ്ഡോ(32*), ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍(30*) എന്നിവരാണ് ടീമിനെ 7 വിക്കറ്റ് വിജയത്തിലേക്കെത്തിച്ചത്. 36.4 ഓവറിലാണ് ദക്ഷിണാഫ്രിക്ക എ ലക്ഷ്യം കണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial