ന്യൂസിലാണ്ടിനു കാത്തിരിക്കണം ഇന്ത്യയില്‍ പരമ്പര വിജയത്തിനായി

ഇന്ത്യയിലൊരു പരമ്പര വിജയമെന്ന ന്യൂസിലാണ്ട് സ്വപ്ന സാക്ഷാരത്തിനായി ഇനിയും കാത്തിരിപ്പ്. രോഹിത് ശര്‍മ്മ(147)-വിരാട് കോഹ്‍ലി(113) സഖ്യം നേടിയ ശതകങ്ങളുടെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 337 റണ്‍സ് നേടി. ലക്ഷ്യം ഒരു ഘട്ടത്തില്‍ നേടുമെന്ന് ന്യൂസിലാണ്ട് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകള്‍ എറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന 4 ഓവറില്‍ 6 വിക്കറ്റ് കൈയ്യിലിരിക്കെ 35 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലാണ്ടിനു ഇന്ത്യന്‍ സ്കോറിനു 6 റണ്‍സ് അകലെ വരെ എത്താനെ സാധിച്ചുള്ളു. കോളിന്‍ മുണ്‍റോ, കെയിന്‍ വില്യംസണ്‍, ടോം ലാഥം എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ റോസ് ടെയിലറും ഹെന്‍റി നിക്കോളസും നിര്‍ണ്ണായക ഇന്നിംഗ്സുകള്‍ കാഴ്ചവെച്ചു. രോഹിത് ശര്‍മ്മ കളിയിലെ താരവും വിരാട് കോഹ്‍ലി പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.

മാര്‍ട്ടിന്‍ ഗുപ്ടിലിനെ(10) 5.1 ഓവറില്‍ നഷ്ടമാവുമ്പോള്‍ ന്യൂസിലാണ്ട് 44 റണ്‍സാണ് നേടിയത്. കോളിന്‍ മുണ്‍റോ(75) ടീമിനു മികച്ച തുടക്കമാണ് നല്‍കിയത്. 109 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി കോളിന്‍-കെയിന്‍ വില്യംസണ്‍ (64) സഖ്യം ന്യൂസിലാണ്ടിനു ആദ്യം വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ 4 ഓവറുകളുടെ വ്യത്യാസത്തില്‍ യൂസുവേന്ദ്ര ചഹാല്‍ നേടിയ ഇരട്ട വിക്കറ്റുകള്‍ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുകൂടിയ റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ട് ന്യൂസിലാണ്ടിന്റെ പ്രതീക്ഷകളെ വീണ്ടും ഉണര്‍ത്തി. 79 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ റോസ് ടെയിലര്‍(39) മടങ്ങുമ്പോള്‍ ന്യൂസിലാണ്ട് 247/4 എന്ന നിലയിലായിരുന്നു. ഹെന്‍റി നിക്കോളസുമായി(37) ചേര്‍ന്ന് ലാഥം അഞ്ചാം വിക്കറ്റില്‍ 59 റണ്‍സ് കൂടി ന്യൂസിലാണ്ടിനായി നേടി.

24 പന്തില്‍ 35 റണ്‍സ് എന്ന ലക്ഷ്യം തേടി ഇറങ്ങിയ ന്യൂസിലാണ്ടിനു ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 17ാം ഓവറില്‍ ഹെന്‍റി നിക്കോളസിനെ നഷ്ടമായി. 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഭുവി നിക്കോളസിനെ ബൗള്‍ഡ് ആക്കുകയായിരുന്നു. അവസാന 3 ഓവറില്‍ 30 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലാണ്ട് ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു. ബുംറ എറിഞ്ഞ 18ാം ഓവറില്‍ ടോം ലാഖം റണ്‍ഔട്ട് കൂടി ആയതോടെ ന്യൂസിലാണ്ടിന്റെ സ്ഥിതി പരുങ്ങലിലായി. തൊട്ടടുത്ത ഓവറില്‍ ഭുവനേശ്വറിനെ സിക്സര്‍ പറത്തി മിച്ചല്‍ സാന്റനര്‍ ലക്ഷ്യം അവസാന ഓവറില്‍ 15 ആക്കി ചുരുക്കിയെങ്കിലും ഇന്ത്യ 6 റണ്‍സിന്റെ വിജയം പിടിച്ചെടുത്തു. 50 ഓവറില്‍ 331/7 എന്ന നിലയില്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി 3 വിക്കറ്റ് നേടി. യൂസുവേന്ദ്ര ചഹാല്‍ രണ്ടും, ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി.

ശതകങ്ങളുമായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും, കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സിന് ജേഴ്സി ഒരുക്കി ലോകോത്തര ബ്രാൻഡ് അഡ്മിറൽ
Next articleആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിനോട് അടുത്ത് വൈദാദ്