കോഹ്‍ലിയ്ക്ക് ഡബിള്‍ സെഞ്ച്വറി, രോഹിതിനു ശതകം

- Advertisement -

നാഗ്പൂരില്‍ ഇരട്ട ശതകം പൂര്‍ത്തിയാക്കി വിരാട് കോഹ്‍ലി. കോഹ്‍ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മ തന്റെ ശതകം പൂര്‍ത്തിയാക്കി. ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് വിരാട് തന്റെ ഇരട്ട ശതകം തികച്ചത്. ഇന്ത്യ മത്സരത്തില്‍ 405 റണ്‍സ് ലീഡ് നേടിയിട്ടുണ്ട്. 176.1 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശതകം(102*) പൂര്‍ത്തിയാക്കിയ ഉടനെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്കോര്‍ 610/6.

ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സില്‍ തുടക്കത്തില്‍ തന്നെ തിരിച്ചടിയായിരുന്നു ഫലം. രണ്ടാം പന്തില്‍ സമരവിക്രമയെ ബൗള്‍ഡാക്കി ഇഷാന്ത് ശര്‍മ്മ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തു. ദിമുത് കരുണാരത്നേ(11*)-ലഹിരു തിരിമന്നേ(9*) കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ മൂന്നാം ദിവസം 21/1 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സ്കോറിനെക്കാള്‍ 384 റണ്‍സ് പിന്നിലാണ് ശ്രീലങ്ക. രണ്ട് ദിവസം ശേഷിക്കെ തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്.

ഇന്ത്യയുടെ ഇന്നിംഗ്സില്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട ശതകത്തിനു പുറമേ മൂന്ന് താരങ്ങളാണ് ശതകം നേടിയത്. മുരളി വിജയ്, ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ്മ എന്നിവരാണിത്. 267 പന്തില്‍ നിന്നാണ് വിരാട് കോഹ്‍ലി തന്റെ 213 റണ്‍സ് നേടിയത്. 17 ബൗണ്ടറിയും 2 സിക്സും അടങ്ങിയതായിരുന്നു കോഹ്‍ലിയുടെ ഇന്നിംഗ്സ്. ദില്‍രുവന്‍ പെരേരയ്ക്കാണ് വിക്കറ്റ്. ദില്‍രുവന്‍ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റാണ് നേടിയത്. ഹെരാത്ത്, ലഹിരു ഗമാഗേ, ദസന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement