മാത്യൂസിനും ചന്ദിമലിനും ശതകം, അവസാന സെഷനില്‍ തിരിച്ചടിച്ച് ഇന്ത്യ

- Advertisement -

ഫിറോസ് ഷാ കോട്‍ലയില്‍ ശ്രീലങ്കന്‍ മേല്‍ക്കൈ കണ്ട ദിവസത്തിനു ഒടുവില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. 131/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയുടെ വെറ്ററന്‍ കൂട്ടുകെട്ട് പിരിക്കുവാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നേ ബുദ്ധിമുട്ടുകയായിരുന്നു. 181 റണ്‍സാണ് നാലാം വിക്കറ്റില്‍ സീനിയര്‍ താരങ്ങളായ ചന്ദിമലും-ആഞ്ചലോ മാത്യൂസും(111) നേടിയത്. മാത്യൂസിനെ സാഹയുടെ കൈകളിലെത്തിച്ചാണ് അശ്വിന്‍ കൂട്ടുകെട്ട് തകര്‍ത്തത്. തുടര്‍ന്ന് കളിക്കാന്‍ ഡോക്ടര്‍മാരുടെ അനുമതിയുമായി എത്തിയ സദീര സമരവിക്രമയുമായി ചേര്‍ന്ന് ചന്ദിമല്‍ അഞ്ചാം വിക്കറ്റില്‍ 61 റണ്‍സ് നേടി. 33 റണ്‍സ് നേടിയ സദീരയുടെ വിക്കറ്റ് ഇഷാന്തിനായിരുന്നു.

ഏറെ വൈകാതെ ശ്രീലങ്കന്‍ ചെറുത്ത് നില്പ് അവസാനിക്കുന്നതാണ് ഫിറോസ് ഷാ കോട്‍ലയില്‍ കണ്ടത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 356/9 എന്ന നിലയിലേക്ക് ടീം കൂപ്പുകുത്തിക്കഴിഞ്ഞിരുന്നു. 317/4 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്കയുടെ ഈ തകര്‍ച്ച. 147 റണ്‍സുമായി ദിനേശ് ചന്ദിമലും റണ്ണൊന്നുമെടുക്കാതെ ലക്ഷന്‍ സണ്ടകനുമാണ് ശ്രീലങ്കയ്ക്കായി അവസാന വിക്കറ്റില്‍ ക്രീസില്‍ നില്‍ക്കുന്നത്. മത്സരത്തില്‍ നിലവില്‍ ശ്രീലങ്ക 180 റണ്‍സിനു പിന്നിലാണ്.

ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും, ഷമി, ഇഷാന്ത്, ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement