അവസാന ഓവറുകളില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ, പരമ്പര ഒപ്പത്തിനൊപ്പം

നാഗ്പൂരില്‍ ഇന്ന് നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെ 5 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ ഒപ്പത്തിനൊപ്പം. മത്സരത്തിലെ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നേടിയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നത്. ഇന്ത്യ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു 6 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ 8 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനു ഓവറില്‍ വെറും രണ്ട് റണ്‍സാണ് നേടാനായത്. ഇരു ടീമുകള്‍ക്കും അവസരം സൃഷ്ടിച്ച മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയും, ആശിഷ് നെഹ്റയുമാണ് ഇന്ത്യയുടെ വിജയശില്പികള്‍. ജസ്പ്രീത് ബുംറയാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ആദ്യം ബൗള്‍ ചെയ്ത ഇംഗ്ലണ്ട് ഇന്ത്യന്‍ ഇന്നിംഗ്സ് 144 റണ്‍സില്‍ ഒതുക്കുകയായിരുന്നു. 8 വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി കെഎല്‍ രാഹുല്‍ നേടിയ 71 റണ്‍സാണ് എടുത്ത് പറയാന്‍ കഴിയുന്ന പ്രകടനം. വിരാട് കോഹ്‍ലി(21), മനീഷ് പാണ്ഡേ(30) എന്നിവരായിരുന്നു രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാര്‍. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഓരോ വിക്കറ്റ് നേടി ടൈമല്‍ മില്‍സ്, മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി. രണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് ആവുകയായിരുന്നു.

ഇംഗ്ലണ്ട് ഇന്നിംഗ്സിലെ നാലാം ഓവറില്‍ ഇരട്ട വിക്കറ്റുമായി ആശിഷ് നെഹ്റ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി. ജേസണ്‍ റോയ്, സാം ബില്ലിംഗ്സ് എന്നിവര്‍ വേഗത്തില്‍ പുറത്തായ ശേഷം ജോ റൂട്ട്, നായകന്‍ ഓയിന്‍ മോര്‍ഗനുമായി ചേര്‍ന്ന് ഇംഗ്ലണ്ടിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയായിരുന്നു. മോര്‍ഗന്‍(17) പുറത്തായ ശേഷമാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടിനായി ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഒത്തുചേരുന്നത്.

17ാം ഓവര്‍ എറിയാന്‍ വന്ന ആശിഷ് നെഹ്റ ബെന്‍ സ്റ്റോക്സിനെ പുറത്താക്കിയപ്പോള്‍ 52 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇംഗ്ലണ്ട് സഖ്യം നേടിയത്. 27 പന്തില്‍ 38 റണ്‍സായിരുന്നു സ്റ്റോക്സിന്റെ സംഭാവന. അവസാന മൂന്നോവറില്‍ 27 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി ജസ്പ്രീത് ബുംറ താനെറിഞ്ഞ 18ാം ഓവറില്‍ വെറും മൂന്ന് റണ്‍സാണ് വിട്ടു കൊടുത്തത്. 19ാം ഓവറില്‍ ആദ്യ മൂന്ന് പന്തുകള്‍ കണിശതയോടെ ആശിഷ് നെഹ്റ പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിനു വിജയം പ്രയാസകരമാകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയും സിക്സറും പറത്തി ജോസ് ബട്ലര്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം അവസാന ഓവറില്‍ 8 റണ്‍സായി ചുരുക്കി.

20ാം ഓവറിന്റെ ആദ്യ പന്തില്‍ ബുംറ ജോ റൂട്ടിനെയും(38) (അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചെങ്കിലും ഇന്‍സൈഡ് എഡ്ജ് ഉണ്ടായിരുന്നു) ജോസ് ബട്‍ലറെയും പുറത്താക്കി ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കുകയായിരുന്നു.

Previous articleഒടുവിൽ പയറ്റ് വീണ്ടും മാഴ്സെലിലേക്ക്
Next articleഅഡ്വാൻ്റേജ് ഫെഡറർ