ഇന്ത്യയ്ക്ക് 114 റണ്‍സ് വിജയം, ദേവിക വൈദ്യ പ്ലെയര്‍ ഓഫ് ദി മാച്ച്

വനിത ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ത്യയുടെ വിജയത്തുടക്കം. ദേവിക വൈദ്യ(89), മിത്താലി രാജ്(70*), ദീപ്തി ശര്‍മ്മ(54) എന്നിവരുടെ ബാറ്റിംഗ് മികവിന്റെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടുകയായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഉദേശിക പ്രബോധനി രണ്ട് വിക്കറ്റും, ശ്രീപാലി വീരാക്കോഡി, ഇനോശി പ്രിയദര്‍ശനി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

260 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് ടോപ് ഓര്‍ഡറില്‍ നിന്ന് റണ്ണുകള്‍ വന്നുവെങ്കിലും വലിയ സ്കോറുകളിലേക്ക് എത്തിയ്ക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിരയും വാലറ്റവും തകര്‍ന്നടിയുകയായിരുന്നു. ചാമരി അട്ടപട്ടു(30), ഹസീനി പെരേര(34), ഇശാനി ലോകുസുരിയാഗെ(26) എന്നിവര്‍ക്ക് മാത്രമാണ് ചെറുത്ത് നില്‍ക്കുവാന്‍ ആയത്. ഇന്ത്യയ്ക്ക് വേണ്ടി ഏക്ത ബിഷ്ട്, രാജേശ്വരി ഗായക്വാഡ് എന്നിവര്‍ രണ്ട് വിക്കറ്റും ദീപ്തി ശര്‍മ്മ ഒരു വിക്കറ്റും നേടി. മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

നാളെ തായ്‍ലാന്‍ഡുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ അയര്‍ലാണ്ട് 119 റണ്‍സിനു സിംബാബ്വയേയും, ദക്ഷിണാഫ്രിക്ക 63 റണ്‍സിനു പാക്കിസ്ഥാനെയും ബംഗ്ലാദേശ് 118 റണ്‍സിനു പാപ്വ ന്യു ഗിനിയെയും തോല്‍പ്പിച്ചു.

Previous articleവാക്കോവര്‍ വിജയവുമായി ടീം യുവ, ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയ്ക്കും വിജയം
Next articleലോകത്തെ മുഖ്യ ഫുട്ബോൾ ലീഗുകളിലെ പ്രമുഖ ട്രാൻസ്ഫറുകൾ