
ധര്‍മ്മശാലയിലെ മൂന്നാം ദിവസം അവസാനിയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് വിജയം 87 റണ്‍സ് അകലെ. ലോകേഷ് രാഹുല്‍(13*), മുരളി വിജയ്(6*) എന്നിവരാണ് ക്രീസില്‍. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 19 റണ്‍സ് നേടിയിട്ടുണ്ട്. നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 137 റണ്‍സില്‍ അവസാനിയ്ക്കുകയായിരുന്നു.
248/6 എന്ന നിലയില്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ജഡേജ സാഹ കൂട്ടുകെട്ട് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. 96 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടി മുന്നേറുകയായിരുന്നു സഖ്യത്തിനെ തടയിട്ടത് ജഡേജയെ(63) പുറത്താക്കി കമ്മിന്‍സ് ആയിരുന്നു. ഏറെ വൈകാതെ ഇന്ത്യന്‍ വാലറ്റത്തെ ഓസട്രേലിയന് ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. സാഹയെ(31) പുറത്താക്കി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. അഞ്ച് വിക്കറ്റ് നേടിയ നഥാന്‍ ലയണ്‍ ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മികച്ച് നിന്നത്.
32 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തീര്‍ത്തും നിരാശാജനകമായിരുന്നു. ഗ്ലെന്‍ മാക്സ്വെല് നേടിയ 45 റണ്‍സ് മാത്രമാണ് എടുത്തുപറയാവുന്ന പ്രകടനം. ഓപ്പണര്‍മാരെ രണ്ടു പേരെയും ഉമേഷ് യാദവ് മടക്കിയപ്പോള്‍ സ്മിത്തിനെ(17) ഭുവനേശ്വര്‍ കുമാര്‍ മടക്കി. ഹാന്‍ഡ്സ്കോമ്പും(18) മാക്സ്വെല്ലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും അശ്വിന് അന്തകനായി അവതരിച്ചു. രവീന്ദ്ര ജഡേജയും ഒപ്പം കൂടിയതോടു കൂടി ഓസീസ് പട നാണംകെട്ട് മടങ്ങി. 137 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ മാത്യു വെയിഡ് 25 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് വീഴ്ത്തി.