
മൂന്നാം ദിനം ഇന്ത്യന്‍ ആധിപത്യം
മൊഹാലി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആതിഥേയരായ ഇന്ത്യ ശക്തമായ നിലയില്‍. 134 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 417 റണ്‍സിനു അവസാനിക്കുകയായിരുന്നു. മൂന്നാം ദിനം മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അശ്വിന്, ജഡേജ, ജയന്ത് യാദവ് എന്നിവരാണ് ഇന്ത്യന്‍ സ്കോര്‍ 400 കടത്താന്‍ പ്രധാന പങ്ക് വഹിച്ചത്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 78/4 എന്ന നിലയിലാണ്.
72 റണ്‍സെടുത്ത അശ്വിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഇന്ത്യന്‍ സ്കോര്‍ 301 ല്‍ നില്‍ക്കെയാണ് അശ്വിനെ പുറത്താക്കി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനു ഏഴാം വിക്കറ്റ് സമ്മാനിച്ചത്. ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റുകള്‍ വേഗത്തിലെടുക്കാമെന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കുക്കിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രകടനമാണ് രവീന്ദ്ര ജഡേജയും ജയന്ത് യാദവും തുടര്‍ന്ന് പുറത്തെടുത്തത്. 80 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് 8ാം വിക്കറ്റില്‍ സ്കോര്‍ ചെയ്തത്. ആദില്‍ റഷീദ് രവീന്ദ്ര ജഡേജയെ പുറത്താക്കുമ്പോള്‍ അര്‍ഹമായ ശതകത്തിനു വെറു പത്ത് റണ്‍സ് അകലെ മാത്രമായിരുന്നു ജഡേജ(90). എന്നാല്‍ ശക്തമായ രീതിയില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ നേരിട്ട ജയന്ത് യാദവ് തന്റെ ആദ്യ അര്‍ദ്ധ ശതകത്തിനു ഉടമയായി. 55 റണ്‍സെടുത്ത ജയന്തിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കുകയായിരുന്നു. 12 റണ്‍സെടുത്ത ഉമേഷ് യാദവായിരുന്നു ബെന്‍ സ്റ്റോക്സിന്റെ അടുത്ത ഇര. അതോടു കൂടി ഇന്ത്യന്‍ ഇന്നിംഗ്സ് 417 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍ ഹമീദ് ഹസീബ് ഇല്ലാതെയാണ് ഇറങ്ങിയത്. പരിക്കേറ്റ ഹസീബിനു പകരം ജോ റൂട്ടാണ് ഓപ്പണ്‍ ചെയ്തത്. 12 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കിനെ പുറത്താക്കി അശ്വിന് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്കി. മോയിന്‍ അലിയെ(5) ജയന്ത് യാദവിന്റെ കൈകളിലെത്തിച്ച് അശ്വിന് തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. മൂന്നാം വിക്കറ്റില്‍ ജോണി ബാരിസ്റ്റോയും ജോ റൂട്ടും കൂടി ഇംഗ്ലണ്ടിനെ കരകയറ്റുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും മികച്ച ഫോമില്‍ കളിക്കുന്ന ബാരിസ്റ്റോയെ(15) ജയന്ത് യാദവ് പവലിയനിലേക്ക് മടക്കി. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ ബെന്‍ സ്റ്റോക്സിനെ(5) വിക്കറ്റിനു മുന്നില്‍ കുടുക്കി അശ്വന് തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ജോ റൂട്ട്(36*) ഗാരത് ബാറ്റി (0*) എന്നിവരാണ് ക്രീസില്‍
അശ്വിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ജയന്ത് യാദവ് ഒരു വിക്കറ്റിനര്ഹനായി.