
ആരും തന്നെ ശ്രീലങ്കയ്ക്ക് ഈ പരമ്പരയില്‍ സാധ്യത കല്പിക്കിന്നുണ്ടാകില്ല. കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ പ്രകടനം അത്രയ്ക്കും മോശമായിരുന്നു ലങ്കയുടേത്. എന്നാല്‍ ശ്രീലങ്ക ഒന്ന് ശ്രമിച്ചു നോക്കുക തന്നെ ചെയ്യും തങ്ങളുടെ അതികായരായ അയല്‍ക്കാരെ ഒന്നു മുട്ടു കുത്തിക്കാന്‍. കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അവര്‍ക്ക് അതിനു കഴിഞ്ഞതാണ്. ശ്രീലങ്കയുടെ ടെസ്റ്റ് ടീമിനെക്കാള്‍ ഏറെ മുന്നില്‍ തന്നെയാണ് ഏകദിന ടീം. തങ്ങളുടേതായ ദിവസങ്ങളില്‍ ലോക ക്രിക്കറ്റിലെ വമ്പന്മാരെ അട്ടിമറിയ്ക്കാന്‍ ഇന്നും അവര്‍ക്കാവുമെന്ന് അവര്‍ തെളിയിച്ചു, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കെതിരെ നേടിയ ജയം അതിന്റെ സൂചനയാണ്.
എന്നാല്‍ കണക്കുകള്‍ അത്ര ശുഭകരമല്ല ശ്രീലങ്കയ്ക്ക്. 16 മത്സരങ്ങളില്‍ 11 എണ്ണം ശ്രീലങ്ക തോല്‍ക്കുകയായിരുന്നു 2017ല്‍. അതില്‍ സിംബാബ്വേയോടുള്ള തോല്‍വികളും ഉള്‍പ്പെടുന്നു. 2019 ലോകകപ്പിനുള്ള നേരിട്ടുള്ള യോഗ്യത നേടുവാനുള്ള അവസരം കൂടിയാണ് ഈ പരമ്പരയില്‍ ശ്രീലങ്കയ്ക്ക് കൈവന്നിരിക്കുന്നത്. സെപ്റ്റംബര്‍ 30നു ക്വാളിഫിക്കേഷന്‍ കട്ട് ഓഫ് തീയ്യതിയ്ക്ക് മുമ്പ് 2 ജയം സ്വന്തമാക്കിയാല്‍ വെസ്റ്റിന്‍ഡീസിന്റെ പ്രകടനത്തെ ആശ്രയിക്കാതെ നേരിട്ടുള്ള ലോകകപ്പ് യോഗ്യത ശ്രീലങ്കയ്ക്ക് ഉറപ്പാക്കാം.
ശ്രീലങ്കയെ സംബന്ധിച്ച് അത് അവരെ ഒട്ടും അലട്ടുന്നുണ്ടാവില്ല, കാരണം തങ്ങളെക്കാള്‍ മോശം ഫോമിലാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുന്നത്. ഇംഗ്ലണ്ടില്‍ അവര്‍ക്ക് ജയം സ്വന്തമാക്കി ലോകകപ്പ് യോഗ്യത എന്നത് ശ്രീലങ്ക ഇന്ത്യയെ തോല്പിച്ച് യോഗ്യത നേടുന്നതിനെക്കാള്‍ കഠിനമായ കാര്യമായിരിക്കുമെന്ന് ശ്രീലങ്കന്‍ ക്യാമ്പിനൊരു ശുഭ പ്രതീക്ഷയുണ്ട്. എന്നാല്‍ ഇത് ക്രിക്കറ്റാണ് ഏത് വമ്പന്മാര്ക്കും കാലിടറാവുന്നതെയുള്ളു. അതിനാല്‍ തന്നെ തങ്ങളുടെ ജോലി തങ്ങള്‍ കൃത്യമായി ചെയ്ത് യോഗ്യത നേടുന്നതിലാവും ശ്രീലങ്കന്‍ ടീമിനും ആരാധകര്‍ക്കും താല്പര്യം.
നേരത്തെ പറഞ്ഞത് പോലെ ഇന്ത്യയ്ക്കെതിരെ നേടിയ ചാമ്പ്യന്‍സ് ട്രോഫി ജയം, അത് വല്ലാത്തൊരു ആത്മവിശ്വാസമാവും ശ്രീലങ്കയ്ക്ക് നല്‍കുക. വമ്പന്മാരെ മറികടക്കാന്‍ തങ്ങള്ക്കാവുമെന്നൊരു വിശ്വാസം. നിരോഷന്‍ ഡിക്ക്വെല്ല എന്ന ശ്രീലങ്കയുടെ ഓപ്പണര്‍ ടെസ്റ്റില്‍ മികച്ച ഫോമിലാണ് എന്നത് ടീമിനു ഏറെ ആശ്വാസകരമായ കാര്യമാണ്. കഴിവുറ്റ ഒട്ടേറെ കളിക്കാരാല്‍ സമ്പന്നമാണ് ശ്രീലങ്കയുടെ ബാറ്റിംഗ് നിര. ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ് എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.
പേസ് സംഘത്തില്‍ മലിംഗയ്ക്ക് കൂട്ടായി ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ എന്നിവരാവും കൂട്ടിനുണ്ടാവുക. ബൗളിംഗ് ചുമതലകളിലേക്ക് ആഞ്ചലോ മാത്യൂസ് തിരികെ എത്തുമെന്ന് മുഖ്യ സെലക്ടര്‍ സനത് ജയസൂര് പറഞ്ഞു കഴിഞ്ഞു. ഒപ്പം ഓള്‍റൗണ്ടര്‍മാരായ തിസാര പെരേരയും മിലിന്‍ഡ സിരിവര്‍ദ്ധനേയും കൂട്ടായി എത്തും.
ഇന്ത്യയുടെ ആദ്യ ഇലവന് എങ്ങനെ എന്നത് കോഹ്ലിയ്ക്ക് മാത്രമാവും തീര്ച്ചയുണ്ടാവുക. ഒട്ടേറെ സീനിയര്‍ താരങ്ങള്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ച ഇന്ത്യയ്ക്ക് തീര്‍ച്ചയായും പ്രശ്നം ടീം സെലക്ഷന് തന്നെയാവും. ഇന്ത്യ എയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്കയില്‍ റണ്‍ അടിച്ചുകൂട്ടിയ മനീഷ് പാണ്ഡേ ടീമിലിടം നേടുമെന്ന് പോലും ആര്‍ക്കും ഉറപ്പിച്ചു പറയാനാകില്ല. രോഹിത് ശര്‍മ്മയാവും ശിഖര്‍ ധവാനോടൊപ്പം ഓപ്പണിംഗ് ദൗത്യം ഏറ്റെടുക്കുക. വിരാട് കോഹ്ലിക്ക് പിന്നിലായി കെഎല്‍ രാഹുല്‍ നാലാമനായി ഇറങ്ങുമെന്ന സൂചന കോഹ്ലി നല്കി കഴിഞ്ഞു. അതിനര്‍ത്ഥം മനീഷ് ആദ്യ മത്സരത്തിനു ഉണ്ടാകാനിടയില്ല എന്ന് തന്നെയാണ്.
ജസ്പ്രീത് ബുംറയും, ഭുവനേശ്വര്‍ കുമാറും ആവും ഇന്ത്യയുടെ ഓപ്പണിംഗ് ബൗളിംഗ് കൈകാര്യം ചെയ്യുക എന്നത് ഏറെക്കുറെ ഉറപ്പാണ്. സ്പിന്‍ ബൗളിംഗ് ഡിപ്പാര്‍ട്മെന്റില്‍ അശ്വിന്, ജഡേജ എന്നിവരില്ലായെങ്കിലും പകരക്കാരായി വന്നിരിക്കുന്നവരും തീരെ ചെറുതല്ല. കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, അക്സര്‍ പട്ടേല്‍ എന്നിവരില്‍ രണ്ട് പേര്‍ക്കാവും സാധ്യത. ഓള്‍റൗണ്ട് മികവുള്ളതിനാല്‍ അക്സര്‍ ആവും ഹാര്ദ്ദികിനൊപ്പം ഓള്‍റൗണ്ടറായി ടീമിലെത്താന്‍ സാധ്യത.
ഇന്ത്യയ്ക്ക് ആണ് ജയസാധ്യത കൂടുതലെങ്കിലും ശ്രീലങ്കയുടെ ടീം കാഴ്ച്ചയില്‍ മികച്ചതായി തന്നെ തോന്നുന്നുണ്ട്. അതിനാല്‍ തന്നെ അനായാസമായൊരു വിജയം ഇന്ത്യയ്ക്ക് സാധ്യമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial