അപ്രതീക്ഷിത തോല്‍വി വഴങ്ങി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെയുള്ള നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. വെസ്റ്റിന്‍ഡീസ് മുന്നോട്ട് വെച്ച 190 റണ്‍സ് ഇന്ത്യയുടെ പേര് കേട്ട ബാറ്റിംഗ് നിര അനായാസം നേടുമെന്ന് ആരാധകര്‍ കരുതിയെങ്കിലും രഹാനെയും ധോണിയും ഒഴികെയുള്ള ബാറ്റ്സ്മാന്മാര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ആന്റിഗ്വയില്‍ കണ്ടത്. 5 ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ആണ് കളിയിലെ താരം. ഒരു മത്സരം ബാക്കി നില്‍ക്കെ 2-1 നു പരമ്പരയില്‍ ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്.

നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ റണ്‍ കണ്ടെത്തുവാനുള്ള വെസ്റ്റിന്‍ഡീസ് ശ്രമത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചെറുക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസ് ടോപ് ഓര്‍ഡറിനും മധ്യനിരയ്ക്കും തുടക്കങ്ങള്‍ ലഭിച്ചുവെങ്കിലും അവയെ വലിയൊരു സ്കോറിലേക്ക് മാറ്റുവാന്‍ അവര്‍ക്കായില്ല. കൈല്‍ ഹോപ്പ്, എവിന്‍ ലൂയിസ് എന്നിവര്‍ 35 റണ്‍സ് വീതം നേടിയപ്പോള്‍ ഷായി ഹോപ്പ്(25), റോഷ്ടണ്‍ ചേസ്(24), ജേസണ്‍ മുഹമ്മദ്(20) എന്നിവര്‍ക്കും ലഭിച്ച തുടക്കം മുതലാക്കാനായില്ല. 50 ഓവറില്‍ 189/9 എന്ന നിലയിലാണ് ആതിഥേയര്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് ഇരട്ട വിക്കറ്റ് നേടി.

190 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ റഹാനെ, ധോണി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കും ടീമിനെ രക്ഷിയ്ക്കാനായില്ല. 60 റണ്‍സ് നേടിയ റഹാനെയും ധോണിയും കൂടി നാലാം വിക്കറ്റില്‍ നേടിയ 64 റണ്‍സാണ് ഇന്നിംഗ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ 20 റണ്‍സ് നേടി. 54 റണ്‍സുമായി ധോണി ലക്ഷ്യത്തിനു 14 റണ്‍സ് അകലെ മടങ്ങിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. ഫിനിഷര്‍ പട്ടത്തിനു ആക്കം കൂട്ടുന്നൊരു പ്രകടനം പുറത്തെടുക്കാനാകാത്ത പ്രകടനമാണ് ധോണി ആന്റിഗ്വയില്‍ പുറത്തെടുത്തത്. 49.4 ഓവറില്‍ 178 റണ്‍സിനു ഓള്‍ഔട്ട് ആയ ഇന്ത്യ 11 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ഹോള്‍ഡറിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനു പുറമേ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് നേടി. കെസ്രിക് വില്യംസ്, ദേവേന്ദ്ര ബിഷൂ, ആഷ്‍ലി നഴ്സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial