ഇന്ത്യന്‍ അശ്വമേധം ഇനി കരീബിയന്‍ മണ്ണില്‍

ചാമ്പ്യൻസ് ട്രോഫിക്ക്‌ ശേഷം ഇന്ത്യൻ ടീം വെസ്റ്റിൻഡീസിലേക്ക് പറക്കുകയാണ് 5 ഏകദിനങ്ങളും 1 ടി  ട്വന്റിയും കളിക്കാൻ. ഇപ്പോഴത്തെ വെസ്റ്റിൻഡീസ് ഏകദിന ടീമിന്റെ അവസ്ഥ എല്ലാവർക്കും അറിയുന്നതാണ്. മിക്ക പ്രമുഖ താരങ്ങളെയും ഏകദിന ടീമിൽ ഉൾപ്പെടുത്താറില്ല.  അവസാനമായി അഫ്ഗാനിസ്ഥാനുമായി നടന്ന  ഏകദിന മത്സരങ്ങളിൽ  ഒരെണ്ണത്തിൽ വെസ്റ്റിൻഡീസ് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇങ്ങനെ വളരെ ദുർബലരായ ഒരു ടീമാണ് ഇപ്പോഴത്തെ വെസ്റ്റിൻഡീസ് ടീം. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഇന്ത്യ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുകയും യുവതാരങ്ങൾക്ക് അവസരം കൊടുക്കുകയും ചെയ്യുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചാമ്പ്യൻസ് ട്രോഫി കളിച്ച ടീമിൽ നിന്നും 2 മാറ്റങ്ങൾ മാത്രമാണ് ബിസിസിഐ വരുത്തിയത്. രോഹിത് ശർമ്മയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിക്കുകയും പകരം സ്പിൻ ബൗളർ കുൽദീപ് യാദവിനെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനേയും ഉൾപ്പെടുത്തി. യുവതാരങ്ങളെ പരീക്ഷിക്കാനുള്ള നല്ലൊരവസരമാണ് ബിസിസിഐ നഷ്ട്ടപ്പെടുത്തിയത്.

2 വർഷം കഴിഞ്ഞുള്ള  വേൾഡ് കപ്പിന് വേണ്ടി നല്ലൊരു ടീമിനെ ഇറക്കാനുള്ള ശ്രമങ്ങൾ തുടങ്ങാൻ സമയമായിക്കഴിഞ്ഞു. രോഹിത്, ധവാൻ, കോഹ്‌ലി എന്നിവർ മാത്രമാണ് ഇന്ത്യക്ക് വേണ്ടി റൺസ്‌ നേടുന്നത്. അവർ പരാജയപ്പെടുമ്പോൾ ടീമിനെ രക്ഷിക്കാൻ മധ്യനിരയ്ക്ക് പറ്റുന്നില്ല. ഈ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി അതിനൊരുദാഹരണമാണ്. 2013 ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇതുതന്നെയായിരുന്നു അവസ്ഥ. വെസ്റ്റിൻഡീസ് പോലുള്ള ടീമിനെതിരെയുള്ള മത്സരങ്ങൾ   മധ്യനിര ശക്തമാക്കുന്നതിനും പകരക്കാർക്ക്‌ മാച്ച് പ്രാക്ടീസ് നൽകുന്നതിനും വേണ്ടി ഉപയോഗിക്കണമായിരുന്നു. വിരാട് കോഹ്‌ലിക്കും ധോണിക്കും കൂടി വിശ്രമം നൽകി യുവതാരങ്ങളെ ഉൾപെടുത്തേണ്ടതായിരുന്നു. സംഗക്കാര, ജയവർധനെ, ദിൽഷൻ എന്നിവരുടെ വിരമിക്കൽ ശ്രിലങ്കൻ ബാറ്റിങ് നിരയ്ക്ക് നൽകിയ തലവേദന ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ ഒരവസ്ഥ  ഇന്ത്യൻ ടീമിന് വരാതിരിക്കാൻ ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തേണ്ടതായുണ്ട്. ഓസ്ട്രേലിയൻ ടീം ഇതുപോലുള്ള അവസരങ്ങൾ ഒരിക്കലും നഷ്ട്ടപെടുത്താറില്ല. ആഭ്യന്തര ടൂർണമെന്റുകളിൽ കഴിവ് തെളിയിച്ച ഒരുപറ്റം യുവതാരങ്ങൾ ഇന്ത്യയിലുണ്ട്,  ഇന്ത്യൻ പിച്ചുകളിൽ നല്ല രീതിയിൽ കളിക്കുന്ന ഈ താരങ്ങൾക്ക്  വിദേശ പിച്ചികളിൽ കളിക്കാൻ അവസരമൊരുക്കണം.

ബാറ്റിംഗ് ആൾറൗണ്ടറായി ടീമിൽ ഇടം പിടിച്ച രവീന്ദ്ര ജഡേജ ഇപ്പോൾ വെറുമൊരു ബൗളർ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. രഞ്ജി ട്രോഫിയിൽ 2 ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള ജഡേജ ഇപ്പോൾ ബാറ്റ് ചെയ്യുന്നത് അശ്വിനും താഴെയാണ്. ജഡേജ എന്ന ബാറ്റസ്മാനെ കൂടെ വളർത്തിയെടുക്കാൻ ഇന്ത്യ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ജഡേജക്ക് കഴിഞ്ഞതുമില്ല. ഒരു നീണ്ട ഇന്നിങ്ങ്സ് കളിക്കാനുള്ള അവസരം ജഡേജയ്ക്ക് കൊടുക്കേണ്ടതായുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെയും IPL ലേയും മികച്ച പ്രകടനത്തിലൂടെ ടീമിൽ തിരിച്ചെത്തിയ ദിനേശ് കാർത്തിക്കിന്, ധോണിയേയും യുവരാജിനെയും മറികടന്ന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടുമോ എന്ന ഉറപ്പില്ല. ഏകദിന ടീമിൽ സ്ഥാനമുറപ്പിക്കാൻ കഷ്ടപ്പെടുന്ന രഹാനെക്കും ഈ സീരീസ്‌ വളരെ പ്രധാനപ്പെട്ടതാണ്. പല പൊസിഷനുകളിൽ ബാറ്റിങിനിറങ്ങിയിട്ടും ടെസ്റ്റ്‌ ടീമിലെ വിജയം ODI ടീമിൽ നേടാൻ രഹാനെക്ക് കഴിഞ്ഞിട്ടില്ല. യുവരാജിന്റെയും ധോണിയുടെയും സേവനം അധികകാലം ഇന്ത്യൻ ടീമിന് ലഭിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ ഭാവിയിൽ ഇന്ത്യൻ  മധ്യനിരയിലേക്കായി കണ്ട്‌ വച്ചിരിക്കുന്നവർക്ക്‌ വെസ്റ്റിൻഡീസ് പര്യടനത്തിൽ അവസരം കൊടുക്കേണ്ടതായിരുന്നു. വരാൻ പോകുന്ന ലോകകപ്പും ഇംഗ്ലണ്ടിൽ ആണെന്നുള്ളത് കൊണ്ടും വിദേശത്ത് ഇന്ത്യയുടെ റെക്കോർഡ്‌ അത്ര നല്ലതല്ലാത്തതിനാലും ഇപ്പോൾ മുതൽ  കഠിനമായി പ്രവർത്തിച്ചാൽ മാത്രമേ ഇന്ത്യക്ക് വിജയം കൈവരിക്കാൻ സാധിക്കുകയുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസഹൽ അബ്ദു സമദും കേരള ബ്ലാസ്റ്റേഴ്സിലേക്കോ?
Next articleസെവൻസ് ഫുട്ബോളിലെ ‘സ്പെഷ്യൽ വൺ’ പ്യാരി ഇനി ജവഹർ മാവൂർ മാനേജർ