
304 റണ്‍സിന്റെ ആധികാരിക വിജയവുമായി ഇന്ത്യ മരതക ദ്വീപിലെ പര്യടനത്തിനു തുടക്കം കുറിച്ചിരിക്കുന്നു. ഗോളിലെ ആ മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ലങ്കയ്ക്ക് മത്സരം അഞ്ചാം ദിവസത്തിലേക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഇന്ത്യ നല്കിയ 550 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 76.5 ഓവര്‍ ബാറ്റ് ചെയ്ത് 245 റണ്‍സിനു ഓള്‍ഔട്ട് ആയി.
നേരത്തെ കോഹ്ലി തന്റെ പതിനേഴാം ശതകം തികച്ച മത്സരത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 240/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക ലഞ്ചിനു പിരിയുമ്പോള്‍ 85/2 എന്ന നിലയിലായിരുന്നു.
മത്സരം പുനരാരംഭിച്ചപ്പോള്‍ 36 റണ്‍സ് നേടിയ മെന്‍ഡിസിനെ ജഡേജ മടക്കി അയയ്ച്ചു. ആഞ്ചലോ മാത്യൂസിന്റെ വിക്കറ്റും ഉടനടി വീഴ്ത്തിയ ജഡേജ ശ്രീലങ്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. പിന്നീട് അഞ്ചാം വിക്കറ്റിനു ഒത്തുചേര്‍ന്ന ഡിക്ക്വെല്ല-ദിമുത് കരുണാരത്നേ കൂട്ടുകെട്ട് തോല്‍വി നീട്ടിക്കൊണ്ട് പോകുന്നതില്‍ വിജയിച്ചു. എന്നാല്‍ ഡിക്ക്വെല്ലയുടെ പ്രതിരോധത്തെ ഭേദിച്ച് അശ്വിന് സാഹയുടെ കൈകളില്‍ ആ ചെറുത്ത് നില്പ് അവസാനിപ്പിക്കുകയായിരുന്നു.
67 റണ്‍സ് നേടിയ ഡിക്ക്വെല്ലയോടൊപ്പം കരുണാരത്നേ 101 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തനിക്ക് അര്‍ഹമായ ശതകത്തിനു 3 റണ്‍സ് അകലെ കരുണാരത്നയും മടങ്ങിയതോടെ ലങ്ക നാലാം ദിവസം തന്നെ പരാജയം സമ്മതിച്ചു. ദില്‍രുവന്‍ പെരേര 21 റണ്‍സുമായി പുറത്താകാതെ നിന്നു.
രംഗന ഹെരാത്തും, അസേല ഗുണരത്നയും ബാറ്റ് ചെയ്യാനെത്താതിരുന്നപ്പോള് ലങ്കയുടെ ചെുറത്ത് നില്പ് 245 റണ്‍സില്‍ അവസാനിച്ചു. ഗോളില്‍ 2015ല്‍ ഏറ്റ തോല്‍വിയ്ക്ക് ഇന്ത്യയുടെ മധുരപ്രതികാരം കൂടിയാണ് ഈ വിജയം. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജഡേജ-അശ്വിന് സ്പിന്‍ ദ്വയം മൂന്ന് വീതം വിക്കറ്റ് നേടി. പേസര്‍മാരായ ഉമേഷും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial