നിര്‍ണ്ണായക മത്സരത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനു ഇന്ന് ബാംഗ്ലൂരില്‍ പര്യവസാനം. ഇന്ന് നടക്കുന്ന നിര്‍ണ്ണായകമായ മൂന്നാം ടി20 മത്സരം വിജയിച്ച് പരമ്പര വിജയം ഉറപ്പിക്കാനാവും ഇരു ടീമുകളും ശ്രമിക്കുന്നത്. ടെസ്റ്റ് – ഏകദിന പരമ്പരകളില്‍ നിന്ന് വിഭിന്നമായി ഇംഗ്ലണ്ടിന്റെ ഭേദപ്പെട്ട പ്രകടനമാണ് അവര്‍ ടി20യില്‍ പുറത്തെടുത്തത്. നാഗ്പൂരിലെ രണ്ടാം മത്സരം ഏറെക്കുറെ സ്വന്തമാക്കിയ ഇംഗ്ലണ്ട് ബുംറയുടെ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് മുന്നില്‍ മത്സരം അടിയറവു വയ്ക്കുകയായിരുന്നു. നെഹ്റ-ബുംറ കൂട്ടുകെട്ടിനോടൊപ്പം അമ്പയര്‍മാരുടെ പിഴവുകളും ചേര്‍ന്നപ്പോള്‍ മത്സരം ഇംഗ്ലണ്ട് കൈവിടുകയായിരുന്നു.

ഇന്ത്യക്ക് തങ്ങളുടെ ടീം കോമ്പിനേഷന്‍ ഇതുവരെ ശരിയായി കണ്ടെത്താന്‍ ആയിട്ടില്ല എന്നത് തന്നെയാണ് പരമ്പരയില്‍ ഇതുവരെ കാണുവാനായത്. ഓപ്പണിംഗ് സ്ലോട്ടിലേക്ക് കോഹ്‍ലി ഇറങ്ങിയെങ്കിലും അത് പൂര്‍ണ്ണ വിജയം എന്ന് പറയാന്‍ ആയിട്ടില്ല. മികച്ച സ്റ്റാര്‍ട്ടുകള്‍ കോഹ്‍ലിയ്ക്ക് ലഭിച്ചുവെങ്കിലും വലിയ സ്കോറിലേക്ക് അത് കൊണ്ടെത്തിക്കാന്‍ ഇന്ത്യന്‍ നായകനാകുന്നില്ല. കെഎല്‍ രാഹുല്‍ അര്‍ദ്ധ ശതകം സ്വന്തമാക്കിയത് ഇന്ത്യന്‍ ക്യാമ്പിനു ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ബാക്കി ബാറ്റ്സ്മാന്മാര്‍ ആരും തന്നെ അവസരത്തിനൊത്തുയരുന്നില്ല എന്നത് ആശങ്കാജനകമാണ്. അവസാന ഓവറുകളിലെ സ്കോറിംഗ് തന്നെയാണ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പ്രധാന പ്രശ്നം.

ബൗളിംഗില്‍ നെഹ്റയും ബുംറയും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയെങ്കിലും യുസുവേന്ദ്ര ചഹാലാണിനെയാണ് കോഹ്‍ലി ഏറെ ആശ്രയിക്കുന്നത്. കഴിഞ്ഞ മത്സരത്തിനു സമാനമായൊരു പ്രകടനം ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് ഉയരുന്നില്ലെങ്കില്‍ പരമ്പര സ്വന്തമാക്കുക ശ്രമകരമായിരിക്കും.

ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാം ബില്ലിംഗ്സ്, ജേസണ്‍ റോയ് എന്നിവരുടെ കെയര്‍ ഫ്രീ ബാറ്റിംഗ് ചിന്താഗതി തന്നെയാണ് അവരുടെ കരുത്ത്. ഓയിന്‍ മോര്‍ഗനും ജോ റൂട്ടും മികച്ച ഫോമിലാണ് കളിക്കുന്നത്. പരമ്പര സ്വന്തമാക്കുവാന്‍ ഇംഗ്ലണ്ടിനു കൂടുതല്‍ സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്താന്‍ കാരണം ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ട് പ്രകടനം തന്നെയാണ്. മോയിന്‍ അലിയുടെ മികവുറ്റ ബൗളിംഗ് പ്രകടനം ആണ് രണ്ട് മത്സരത്തിലും കാണുവാന്‍ കഴിഞ്ഞത്. വിക്കറ്റുകള്‍ അധികം വീഴ്ത്താനായില്ലെങ്കിലും കണിശതയോടെ പന്തെറിഞ്ഞ മോയിന്റെ സ്പെല്ലുകളാണ് ഇന്ത്യയുടെ റണ്ണൊഴുക്ക് തടഞ്ഞത്.

ക്രിസ് ജോര്‍ദാന്‍ , തൈമല്‍ മില്‍സ് എന്നീ രണ്ട് ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റുകളുടെ സേവനം ഇംഗ്ലണ്ട് മികച്ച രീതിയിലാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന ഓവറുകളില്‍ വളരെ ചുരുക്കം റണ്ണുകള്‍ മാത്രമാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ വിട്ടു നല്‍കിയത്.

ബാംഗ്ലൂരില്‍ ഇന്ത്യ ജയിക്കുവാണെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 പരമ്പര വിജയമായിരിക്കും ഇന്ത്യ സ്വന്തമാക്കുക

Previous articleചെൽസിക്ക് സമനില, അപ്രതീക്ഷിത തോൽവിയേറ്റു ആഴ്‌സണൽ
Next articleബ്രാൻഡ് അംബാസിഡറായി ദുൽഖർ, ഗോകുലം എഫ് സി ഒരുങ്ങുന്നു