
കൊളംബോയില്‍ ശ്രീലങ്കയ്ക്കുമേല്‍ വ്യക്തമായ ആധിപത്യവുമായി ഇന്ത്യ. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 622 റണ്‍സ് പിന്തുടരുന്ന ശ്രീലങ്ക 50/2 എന്ന നിലയിലാണ്. 16 റണ്‍സുമായി കുശല്‍ മെന്‍ഡിസ്, 8 റണ്‍സുമായി ദിനേശ് ചന്ദിമല്‍ എന്നിവരാണ് ക്രീസില്‍. റണ്ണൊന്നുമെടുക്കാതെ ഉപുല്‍ തരംഗയും, 25 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയുമാണ് പുറത്തായവര്‍. ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റും വീഴ്ത്തിയത് അശ്വിന് ആണ്.
നേരത്തെ ഒന്നാം ദിവസത്തെ സ്കോറായ 344/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ അശ്വിന്, സാഹ ജഡേജ എന്നിവരുടെ ബാറ്റിംഗ് മികവില്‍ 622/9 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പുജാര(133), രഹാനെ(132) എന്നിവരെ ആദ്യ സെഷനില്‍ തന്നെ നഷ്ടമായ ഇന്ത്യ ലഞ്ചിനു പിരിയുമ്പോള്‍ 442/5 എന്ന സ്ഥിതിയിലായിരുന്നു.
ഉച്ച ഭക്ഷണത്തിനു ശേഷം 54 റണ്‍സ് നേടിയ അശ്വിനെ ഹെരാത്ത് പുറത്താക്കിയെങ്കിലും സാഹയും ജഡേജയും ശ്രീലങ്കന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. 67 റണ്‍സ് നേടിയ സാഹയെയും ഹെരാത്ത് ആണ് പുറത്താക്കിയത്. സ്കോര്‍ 622ല്‍ നില്‍ക്കെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 70 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും 8 റണ്‍സുമായി ഉമേഷ് യാദവുമായിരുന്നു ക്രീസില്‍.
ശ്രീലങ്കയ്ക്കായി രംഗന ഹെരാത്ത് 4 വിക്കറ്റ് നേടി. അരങ്ങേറ്റക്കാരന്‍ മലിന്ഡ് പുഷ്പകുമാര 2 വിക്കറ്റ് വീഴ്ത്തി. അജിങ്ക്യ രഹാനെയായിരുന്നു പുഷ്പകുമാരയുടെ ആദ്യ ടെസ്റ്റ് വിക്കറ്റ്. ഹാര്‍ദ്ദിക് പാണ്ഡ്യയേയും കുമാര തന്നെയാണ് പുറത്താക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial