
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 260 പിന്തുടര്‍ന്ന ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 105 റണ്‍സിനു പുറത്ത്. സ്റ്റീവ് ഒകേഫെ 6 വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക് രണ്ടും നഥാന്‍ ലയോണ്‍ , ജോഷ് ഹാസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇന്ത്യന്‍ നായകന് കോഹ്ലി റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ 64 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് ടോപ് സ്കോറര്‍. 94/3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 105 റണ്‍സിനു ഓള്‍ഔട്ട് ആയത്. ഓസ്ട്രേലിയയ്ക്ക് 155 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമായിട്ടുണ്ട്.
നേരത്തെ അശ്വിന് മിച്ചല്‍ സ്റ്റാര്‍ക്കിനെ(61) പുറത്താക്കി ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനു അന്ത്യം കുറിയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില് ലോകേഷ് രാഹുല്‍ മാത്രമാണ് പിടിച്ചു നിന്നതെങ്കിലും രാഹുലിന്റെ നിരുത്തരവാദിത്വപരമായ ഒരു ഷോട്ടാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമായതെന്നതാണ് വിരോധാഭാസം. സെറ്റായ നിന്ന് അദ്ദേഹം ആ ഷോട്ട് കളിച്ച് പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയാണ് നമുക്ക് കാണുവാനായത്.