ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഇന്ത്യയുടെ U19 ക്രിക്കറ്റ് ടീം

- Advertisement -

ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ യൂത്ത് ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ഇന്ത്യന്‍ യുവതാരങ്ങള്‍. ആതിഥേയരായ ഇംഗ്ലണ്ടിന്റെ U19 ടീമിനെതിരെ 334 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 519 റണ്‍സ് നേടി ആദ്യ ഇന്നിംഗ്സില്‍ പുറത്താകുകയായിരുന്നു. മനോജ് കല്‍ര(122), പൃഥ്വി ഷാ(89), ഹര്‍വിക് ദേശായി(89) എന്നിവര്‍ക്ക് പുറമേ ശിവം മാവി പുറത്താകാതെ 41 റണ്‍സ് നേടി.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 195 റണ്‍സിനു ചുരുട്ടികെട്ടിയ ബൗളര്‍മാര്‍ മത്സരത്തില്‍ ഇന്ത്യന്‍ ആധിപത്യം ഉറപ്പാക്കി. കമലേഷ് നാഗര്‍കോടി അഞ്ചും ശിവം മാവി നാലും വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനെ ഫോളോ ഓണിനു അയയ്ക്കാതെ വീണ്ടും ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 173/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പൃഥ്വി ഷാ(69), റിയാന്‍ പരാഗ്(50) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ പിന്‍ബലത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് കെട്ടിയുയര്‍ത്തിയത്.

രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ട് കമലേഷിനു മുന്നില്‍ ചൂളുന്ന കാഴ്ചയാണ് ക്വീന്‍സ് പാര്‍ക്കില്‍ കണ്ടത്. അഞ്ച് വിക്കറ്റ് നേടിയ കമലേഷിന്റെ പ്രകടനത്തിന്റെ ആനുകൂല്യത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 163 റണ്‍സിനു പുറത്താക്കി മത്സരം 334 റണ്‍സിനു സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ ഇരു ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിക്കുകയായിരുന്നു കമലേഷ്.

ജൂലായ് 31നാണ് പരമ്പരയിലെ അടുത്ത മത്സരം.

ചിത്രം ഉപയോഗിച്ചത് @toisports ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന്.

Advertisement