ഏകദിന പരമ്പര ഇന്ത്യയ്ക്ക് സ്വന്തം, ഹാര്‍ദ്ദിക് പാണ്ഡ്യ മാന്‍ ഓഫ് ദി മാച്ച്

ഓസ്ട്രേലിയ ഉയര്‍ത്തിയ 294 റണ്‍സ് ലക്ഷ്യം 13 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റുകള്‍ നഷ്ടത്തില്‍ സ്വന്തമാക്കി ഇന്ത്യ. ഇന്‍ഡോറിലെ വിജയത്തോടെ ഇന്ത്യ പരമ്പര 3-0 നു സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോണ്‍ ഫിഞ്ചിന്റെ ശതകത്തിന്റെ ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് നേടി. രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യും തിളങ്ങിയപ്പോള്‍ ഇന്ത്യ 5 വിക്കറ്റ് വിജയം നേടി. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മാന്‍ ഓഫ് ദി മാച്ച്.

രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഇന്നത്തെ മത്സരത്തില്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ 139 റണ്‍സ് നേടിയ ശേഷം രോഹിത്തിനെ(71) പുറത്താക്കി കോള്‍ട്ടര്‍-നൈല്‍ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചു. ഏറൈ വൈകാതെ രഹാനെയും(70) പുറത്തായെങ്കിലും വിരാട് കോഹ്‍ലി-പാണ്ഡ്യ സഖ്യം ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സ്കോര്‍ 203 ആയിരിക്കെ വിരാട്(28) പുറത്തായി. അടുത്ത ഓവറില്‍ ജാഥവിനെ(2) കെയിന്‍ റിച്ചാര്‍ഡ്സണ്‍ മടക്കിയയച്ചു.

പിന്നീട് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ നല്‍കാതെ ഹാര്‍ദ്ദിക് പാണ്ഡ്യ(78)-മനീഷ് പാണ്ഡേ സഖ്യം ഇന്ത്യയെ വിജയത്തിലേക്കു അടുപ്പിച്ചു. മത്സരം വേഗം തീര്‍ക്കാനുള്ള ആവേശത്തില്‍ ഹാര്‍ദ്ദിക് പുറത്തായെങ്കിലും മനീഷ് പാണ്ഡേ 36 റണ്‍സ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ രണ്ട് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നഥാന്‍ കോള്‍ട്ടര്‍-നൈല്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ആഷ്ടണ്‍ അഗര്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

മടങ്ങി വരവില്‍ തകര്‍പ്പന്‍ ശതകവുമായി ഫിഞ്ച്, ഇന്ത്യയ്ക്ക് 294 റണ്‍സ് വിജയലക്ഷ്യം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമോയിന്‍ അലിയുടെ വെടിക്കെട്ട് ശതകം, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട്
Next articleഅവസാന സെക്കന്‍ഡില്‍ തലൈവാസിനെ വിജയത്തിലേക്ക് നയിച്ചു അജയ് താക്കൂര്‍