
മുഷ്ഫികുര്‍ റഹീമിന്റെ ഒറ്റയാള്‍ പോരാട്ടത്തെ അതിജീവിച്ച് നിദാഹസ് ട്രോഫി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുഷ്ഫികുര്‍ റഹീം 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബംഗ്ലാദേശിനെ 17 റണ്‍സിനു പരാജയപ്പെടുത്തി ടൂര്‍ണ്ണമെന്റിലെ മൂന്നാം ജയമാണ് ഇന്ത്യ നേടിയത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോല്‍വി പിണഞ്ഞ ശേഷം കരുത്താര്‍ന്ന പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്യാന്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ട ശേഷം മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക് നല്‍കിയത്.
ആദ്യ വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ശിഖര്‍ ധവാന്(35) ആണ് ആദ്യം പുറത്തായത്. ഏറെ നാളുകള്‍ക്ക് ശേഷം ഫോം വീണ്ടെടുത്ത രോഹിത് ശര്‍മ്മ മികച്ചൊരു അര്‍ദ്ധ ശതകം നേടി സുരേഷ് റെയ്നയോടൊപ്പം ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. അവസാന ഓവറുകളിലാണ് ഇരുവരും പുറത്തായത്. 47 റണ്‍സ് നേടിയ റെയ്ന പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് രോഹിത്-റെയ്ന കൂട്ടുകെട്ട് നേടി. 89 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടാവുമ്പോള്‍ ഇന്ത്യ 20 ഓവറില്‍ 176 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയ മൂന്ന് വിക്കറ്റുകള്‍ ഉലയ്ക്കുകയായിരുന്നു. 40/3 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനു പിന്നീട് മത്സരത്തില്‍ ഒരു തിരിച്ചുവരവ് സാധ്യമായില്ല. മുഷ്ഫികുര്‍ റഹിം 72* റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍, സബ്ബീര്‍ റഹ്മാന് എന്നിവര്‍ 27 റണ്‍സ് നേടി പുറത്തായി. നിശ്ചിത 20 ഓവറില്‍ ബംഗ്ലാദേശിനു 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 159 റണ്‍സേ നേടാനായുള്ളു.
വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ യൂസുവേന്ദ്ര ചഹാലിനാണ് ഒരു വിക്കറ്റ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial