രണ്ടാം പരിശീലന മത്സരത്തില്‍ ഇന്ത്യ-Aയ്ക്ക് വിജയം

രണ്ടാം പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ-Aയ്ക്ക് വിജയം. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ഷെല്‍ഡണ്‍ ജാക്സണ്‍, ഋഷഭ് പന്ത്, സുരേഷ് റെയ്ന എന്നിവരാണ് ഇന്ത്യന്‍ ചേസിംഗിനെ നയിച്ചത്. പത്തോളം ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ഇംഗ്ലണ്ട് നല്‍കിയ 283 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത്.

ഇംഗ്ലണ്ടിനു ലഭിച്ച മികച്ച തുടക്കം തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് നിലനിര്‍ത്താനാകാതെ 282 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. ആദ്യ ഓവറുകളില്‍ 8 റണ്‍സ് ശരാശരിയോടു കൂടി ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു കെട്ടുകയായിരുന്നു. ജേസണ്‍ റോയ്(25) അലക്സ് ഹെയില്‍സ് സഖ്യം ആദ്യ അഞ്ച് ഓവറുകള്‍ക്കുള്ളില്‍ സ്കോര്‍ 42ല്‍ എത്തിക്കുകയായിരുന്നു. ഹെയില്‍സ് (51) തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഷഹബാസ് നദീമിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ നദീമിനു റിട്ടേണ്‍ ക്യാച്ച് നല്‍കി ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 116/3 . ജോണി ബാരിസ്റ്റോ-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 47 റണ്‍സ് സ്കോറിനോടു കൂട്ടി ചേര്‍ത്തുവെങ്കിലും ഇംഗ്ലണ്ടിനു വീണ്ടും തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയാണ് ഉണ്ടായത്.

ബാരിസ്റ്റോയെ(64) അശോക് ദിണ്ഡ പുറത്താക്കിയപ്പോള്‍ ജോസ് ബട്ലര്‍(0), മോയിന്‍ അലി(1) എന്നിവര്‍ സ്കോറര്‍മാരെ അധികം ബുദ്ധിമുട്ടിക്കാതെ മടങ്ങി. 163/3 എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 165/6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. ബെന്‍ സ്റ്റോക്സിനോടൊപ്പം(38), ക്രിസ് വോക്സ്(16) എന്നിവര്‍ ചേര്‍ന്ന് സ്കോര്‍ 190ല്‍ എത്തിച്ചുവെങ്കിലും അടുത്തടുത്ത് ഇരുവരും പുറത്തായത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. 211/9 എന്ന നിലയില്‍ നിന്ന് ആദില്‍ റഷീദ്(39), ഡേവിഡ് വില്ലി(38*) എന്നിവര്‍ ചേര്‍ന്ന് അവസാന വിക്കറ്റില്‍ നേടിയ 71 റണ്‍സാണ് ഇംഗ്ലണ്ടിനെ മാന്യമായ ഒരു സ്കോറിലേക്ക് കൊണ്ടെത്തിച്ചത്.

ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ പര്‍വേസ് റസൂല്‍ (3 വിക്കറ്റ്), അശോക് ദിണ്ഡ(2), ഷഹബാസ് നദീം(2), പ്രദീപ് സാംഗ്വാന്‍(2), സിദ്ധാര്‍ത്ഥ് കൗള്‍(1) എന്നിവരാണ് വിക്കറ്റിനുടമകളായത്.

ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ, ഷെല്‍ഡണ്‍ ജാക്സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ മറുപടിക്ക് തുടക്കം കുറിച്ചത്. ഇംഗ്ലീഷ് ബൗളര്‍മാരെ ഇരുവരും അനായാസം നേരിട്ടപ്പോള്‍ ഇംഗ്ലണ്ടിനു ലഭിച്ചതിലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇരുവരും ചേര്‍ന്ന് നേടിയ സെഞ്ച്വറി കൂട്ടുകെട്ട് തകര്‍ത്തത് ജാക്സണേ(59) പുറത്താക്കിക്കൊണ്ട് മോയിന്‍ അലി ആയിരുന്നു. പകരമെത്തിയ ഋഷഭ് പന്തും തന്റെ ഫോം കണ്ടെത്തിയപ്പോള്‍ ഇന്ത്യ കൂടുതല്‍ ശക്തമായ നിലയിലെത്തി. പന്ത്(59) പുറത്താകുമ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 27.3 ഓവറില്‍ 197 റണ്‍സ് ആയിരുന്നു.

സുരേഷ് റെയ്ന-രഹാനെ സഖ്യത്തിനെയും ചെറുക്കാന്‍ ഇംഗ്ലണ്ട് സംഘം ബുദ്ധിമുട്ടിയപ്പോള്‍ രഹാനെ തന്റെ ശതകത്തിനു അടുക്കുകയായിരുന്നു. 83 പന്തില്‍ 91 റണ്‍സ് നേടിയ രഹാനെയെ പുറത്താക്കി ഡേവിഡ് വില്ലിയും 34 പന്തില്‍ 45 റണ്‍സ് നേടിയ സുരേഷ് റെയ്നയെ പുറത്താക്കി ജേക് ബാളും ഇംഗ്ലണ്ട് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും, മത്സരം ഏറെക്കുറേ ഇന്ത്യയുടെ വരുതിയിലായിക്കഴിഞ്ഞിരുന്നു.

മത്സരം അവസാനിക്കുമ്പോള്‍ 23 റണ്‍സുമായി ദീപക് ഹൂഡ, 5 റണ്‍സുമായി ഇഷാന്‍ കിഷന്‍ എന്നിവരായിരുന്നു ക്രീസില്‍.