സാഹ – ഡുബേ സഖ്യത്തിന്റെ മികവിൽ ഇന്ത്യക്ക് ലീഡ്

വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യ എയുടെ അനൗദ്യോഗിക ടെസ്റ്റിൽ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്ക് 71റൺസിന്റെ ലീഡ്. അർദ്ധ സെഞ്ചുറികൾ നേടിയ വൃദ്ധിമാൻ സാഹയുടെയും ശിവം ഡുബേയുടെയും പ്രകടനമാണ് ഇന്ത്യക്ക് ലീഡ് നേടി കൊടുത്തത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ  8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിലാണ്. നേരത്തെ വെസ്റ്റിൻഡീസ് ഇന്നിംഗ്സ് 228 റൺസിന് അവസാനിച്ചിരുന്നു.

ഇന്ത്യക്ക് വേണ്ടി ഓപണർ പഞ്ചൽ 49 റൺസ് എടുത്ത് പുറത്തായപ്പോൾ ശുഭമൻ ഗില് 40 റൺസ് എടുത്ത് പുറത്തായി. 168 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ ലീഡ് വഴങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യക്ക് ലീഡ് നേടി തന്നത് സാഹ – ഡുബേ സഖ്യമാണ്. ആറാം വിക്കറ്റിൽ 124 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഡ്യുബ് 71 റൺസ് എടുത്ത് പുറത്തായപ്പോൾ സാഹ 61 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.

വെസ്റ്റിൻഡീസിന് വേണ്ടി കമ്മിൻസ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ കോൺവാളും വരികാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version