
എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ എ ടീമുമായുള്ള ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 152 റണ്‍സിനു ഓള്‍ഔട്ടായി. നായകന് മനീഷ് പാണ്ഡേ 55 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. കരുണ്‍ നായര്‍ 25 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്(7), ശ്രേയസ്സ് അയ്യര്‍(0), ഋഷഭ് പന്ത്(10), ക്രുണാല്‍ പാണ്ഡ്യ(0) എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ സ്കോറുകള്‍.
മനീഷ് പാണ്ഡേ ഒഴികെ മറ്റൊരു ബാറ്റ്സ്മാനും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍ ഇന്ത്യയുടെ ചെറുത്ത് നില്പ് 41.5 ഓവറില്‍ അവസാനിച്ചു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ നാല് താരങ്ങളാണ് റണ്ണെടുക്കാതെ മടങ്ങിയത്. യൂസുവേന്ദ്ര ചഹാലിന്റെ പുറത്താകാതെ നേടിയ 24 റണ്ണുകള്‍ ഇന്ത്യക്ക് ഏറെ നിര്‍ണ്ണായകമാകുകയായിരുന്നു. അതിന്റെ ബലത്തിലാണ് ഇന്ത്യ 150 റണ്‍സ് കടന്നത്.
ദക്ഷിണാഫ്രിക്കയ്ക്കായി ആരോണ്‍ ഫാംഗിസോ നാലും, ഡ്വെയന്‍ പ്രിട്ടോറിയസ് മൂന്നും വിക്കറ്റ് വീഴ്ത്തി. ബ്യൂറണ്‍ ഹെന്‍ഡ്രികസ് 2 വിക്കറ്റുമായി ഇവര്‍ക്ക് മികച്ച പിന്തുണ നല്കി. അഫ്ഗാനിസ്ഥാന് എ ടീമാണ് പരമ്പരയിലെ മൂന്നാം ടീം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial