
ഇന്ന് നടന്ന വനിത ലോകകപ്പ് യോഗ്യത റൗണ്ടിലെ സൂപ്പര്‍ സിക്സ് പോരാട്ടങ്ങളില്‍ ഇന്ത്യയ്ക്ക് വിജയം. ദക്ഷിണാഫ്രിക്കയെ 49 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 156 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മോണ മേശ്രാം, മിതാലി രാജ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ പൊരുതാവുന്ന സ്കോര്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ ശിഖ പാണ്ഡേ 4 വിക്കറ്റും എക്ത ബിഷ്ട് 3 വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ദീപ്തി ശര്‍മ്മയെ ആദ്യമേ നഷ്ടമായെങ്കിലും മോണയും മിതാലി രാജും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. മോണ(55), മിതാലി രാജ്(64) എന്നിവര്‍ പുറത്തായ ശേഷം റണ്ണൊഴുക് കുറഞ്ഞുവെങ്കിലും വിലയേറിയ റണ്ണുകള്‍ നേടി വേദ കൃഷ്ണമൂര്‍ത്തി(18), ദേവിക വൈദ്യ(19), ശിഖ പാണ്ഡേ(21) എന്നിവര്‍ ഇന്ത്യയുടെ സ്കോര്‍ 200 കടത്താന്‍ സഹായിച്ചു.
തൃഷാ ചെട്ടി നേടിയ അര്‍ദ്ധ ശതകം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. മറ്റു താരങ്ങള്‍ ഇന്ത്യന്‍ ബൗളിംഗിനു മുട്ടുമടക്കിയപ്പോള്‍ ഇന്നിംഗ്സ് 46.4 ഓവറില്‍ 156ല്‍ അവസാനിച്ചു.
മറ്റു മത്സരങ്ങളില്‍ ശ്രീലങ്ക പാക്കിസ്ഥാനെ 5 വിക്കറ്റിനു പരാജയപ്പെടുത്തിയപ്പോള്‍ ബംഗ്ലാദേശ് അയര്‍ലണ്ടിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി.