ഇമ്രുല്‍ കൈസിനെ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് ഒഴിവാക്കി

ഇമ്രുല്‍ കൈസിനെ ഒഴിവാക്കി ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ആദ്യ രണ്ട് മത്സരങ്ങളിലേക്കായി പ്രഖ്യാപിച്ച 16 അംഗ ടീമിനെ 15 അംഗ ടീമായി ബംഗ്ലാദേശ് ചുരുക്കുകയായിരുന്നു. ഷാകിബ് അല്‍ ഹസന്‍ തന്റെ പുതിയ റോള്‍ ആയ് വണ്‍ ഡൗണിലെത്തിയതോടെയാണ് ഇമ്രുല്‍ കൈസിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. സ്ക്വാഡിലുണ്ടായിരുന്നുവെങ്കിലും രണ്ട് മത്സരങ്ങളിലും കൈസിനു സ്ഥാനം ലഭിച്ചിരുന്നില്ല. ഒക്ടോബറിലാണ് കൈസ് ബംഗ്ലാദേശിനായി അവസാനമായി കളിച്ചത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നതിനായാണ് താരത്തെ മടക്കി അയയ്ച്ചിരിക്കുന്നതെന്നാണ് ബംഗ്ലാദേശ് മുഖ്യ സെലക്ടറുടെ വിശദീകരണം. ശ്രീലങ്കയുമായി ഉടന്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ താരമാവും ഓപ്പണ്‍ ചെയ്യുക. അതിനാല്‍ തന്നെ ഏകദിന ടീമില്‍ അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാതെ ഇരിക്കുന്നതിനെക്കാള്‍ നല്ലത് ബാറ്റിംഗ് പരിശീലനത്തിനായി ബിസിഎല്‍ കളിക്കുകയെന്നതാണെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ ഭാഷ്യം.

ജനുവരി 27നു ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനു ശേഷം ജനുവരി 31നാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുക. സിംബാബ്‍വേയെയും ശ്രീലങ്കയെയും തോല്പിച്ച് ബംഗ്ലാദേശ് ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version