അരങ്ങേറ്റത്തില്‍ തിളങ്ങി ഇന്‍സമാമിന്റെ പിന്‍ഗാമി, പാക്കിസ്ഥാനു പരമ്പര

- Advertisement -

തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇന്‍സമാം ഉള്‍ ഹക്കിന്റെ അനന്തരവന്‍ ഇമാം ഉള്‍-ഹക്ക്. അരങ്ങേറ്റത്തില്‍ ശതകം തികച്ച ഈ പാക് ഓപ്പണിംഗ് താരത്തിന്റെ മികവില്‍ ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനവും വിജയിച്ച് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കുകയായിരുന്നു. ഹസന്‍ അലിയുടെ ബൗളിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ പാക്കിസ്ഥാന്‍ 208 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ലക്ഷ്യം 42.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. അരങ്ങേറ്റത്തില്‍ ശതകം നേടുന്ന രണ്ടാമത്തെ പാക്കിസ്ഥാന്‍ താരമാണ് ഇമാം ഉള്‍-ഹക്ക്.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉപുല്‍ തരംഗയുടെ അര്‍ദ്ധ ശതകവും തിസാര പെരേര നേടിയ 38 റണ്‍സും മാത്രമാണ് എടുത്ത് പറയുവാനാകുന്ന ലങ്കന്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനം. 48.2 ഓവറില്‍ 208 റണ്‍സിനു ലങ്ക ഓള്‍ഔട്ട് ആവുകയായിരുന്നു. പാക്കിസ്ഥാനു വേണ്ടി ഹസന്‍ അലി തന്റെ പത്തോവറില്‍ 34 റണ്‍സ് വിട്ടു നല്‍കി 5 വിക്കറ്റ് വീഴ്ത്തി. ഷദബ് ഖാന്‍ രണ്ടും ജുനൈദ് ഖാന്‍, മുഹമ്മദ് ഫഹീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അവസാന വിക്കറ്റായി പുറത്തായ തിസാര പെരേര റണ്‍ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി ഫകര്‍ സമനും-ഇമാം ഉള്‍ ഹക്കും മികച്ച തുടക്കമാണ് നല്‍കിയത്. 16.5 ഓവറില്‍ 29 റണ്‍സ് നേടി ഫകര്‍ സമന്‍ പുറത്താകുമ്പോള്‍ പാക് സ്കോര്‍ 78 റണ്‍സായിരുന്നു. രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമിനോടൊപ്പം 66 റണ്‍സ് കൂടി നേടുവാന്‍ ഇമാമിനു സാധിച്ചു. 30 റണ്‍സ് നേടിയ ബാബര്‍ പുറത്തായ ശേഷം മുഹമ്മദ് ഹഫീസിനൊപ്പം 59 റണ്‍സ് കൂട്ടി ചേര്‍ത്ത യുവതാരം തന്റെ കന്നി ശതകം തികച്ച തൊട്ടടുത്ത പന്തില്‍ പുറത്തായി. 100 റണ്‍സാണ് ഇമാം നേടിയത്. മുഹമ്മദ് ഹഫീസ് 34 റണ്‍സുമായി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement