നിർണായക തീരുമാനങ്ങൾ എടുക്കാൻ ഐസിസി നേതൃത്വത്തിന് കഴിവില്ലെന്ന് ബി.സി.സി.ഐ

സമയബന്ധിതമായ നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഐ.സി.സി നേതൃത്വത്തിന് ഇല്ലെന്ന് ബി.സി.സി.ഐ പ്രതിനിധി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പേരു വെളിപ്പെടുത്താത്ത ബി.സി.സി.ഐ പ്രതിനിധി ഐ.സി.സിക്കെതിരെ വിമർശനമുന്നയിച്ചത്. ഐ.സി.സിയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ അന്തിമമാക്കുന്നതിലും ടി20 ലോകകപ്പിന്റെ കാര്യത്തിലും തീരുമാനം എടുക്കാനുള്ള കാലതാമസം സൂചിപ്പിക്കുന്നത് സമയബന്ധിതമായ നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഐ.സി.സി നേതൃത്വത്തിന് ഇല്ലെന്നാണ് എന്ന് ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.

എന്ത്‌കൊണ്ടാണ് ഇത്തരത്തിലും തീരുമാനം വൈകിപ്പിക്കുന്നതെന്ന് ഐ.സി.സി വ്യക്തമാക്കണമെന്ന് ബി.സി.സി.ഐ പ്രതിനിധി ആവശ്യപ്പെട്ടു. ഐ.സി.സി പ്രതിനിധികൾ ഒഴിക്കെ ബാക്കി എല്ലാവർക്കും ഈ കാലയളവിൽ ടി20 നടക്കില്ലെന്ന് ഉറപ്പാണെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറവാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഐ.സി.സി ടി20 ലോകകപ്പിന്റെ കാര്യത്തിൽ ജൂലൈ മാസത്തിൽ മാത്രമേ അവസാന തീരുമാനം എടുക്കു എന്നും വ്യക്തമാക്കിയിരുന്നു.

ഈ വർഷം ഒക്ടോബർ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ ആ സമയത്ത് ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐ പദ്ധതി.

Exit mobile version