സൂപ്പര്‍ ഓവര്‍ നടപ്പിലാക്കിയില്ല, മാപ്പ് പറഞ്ഞ് ഐസിസി

- Advertisement -

കഴിഞ്ഞ ദിവസം ത്രിരാഷ്ട്ര പരമ്പരയിലെ അയര്‍ലണ്ട് സ്കോട്‍ലാന്‍ഡ് മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ സൂപ്പര്‍ ഓവര്‍ നടപ്പിലാക്കുവാന്‍ മാച്ച് ഒഫീഷ്യലുകള്‍ വിട്ടുപോയതില്‍ മാപ്പ് പറഞ്ഞ് ഐസിസി. അയര്‍ലണ്ടും സ്കോട്‍ലാന്‍ഡും 185 റണ്‍സ് വീതം സമനിലയില്‍ മത്സരം അവസാനിച്ചുവെങ്കിലും ഐസിസി നിയമപ്രകാരം മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങേണ്ടതായിരുന്നു. എന്നാല്‍ ടൈ ആയ മത്സരത്തിനു ശേഷം ഇരു ടീമുകളും കൈ കൊടുത്ത് പിരിയുകയായിരുന്നു.

ടൂര്‍ണ്ണമെന്റിനു മുമ്പ് തന്നെ സൂപ്പര്‍ ഓവര്‍ ഉണ്ടാകുകയില്ലെന്ന് മാച്ച് റഫറി തങ്ങളെ അറിയിച്ചിരുന്നുവെന്നാണ് സ്കോട്‍ലാന്‍ഡ് നായകന്‍ കൈല്‍ കോയെറ്റ്സര്‍ പറഞ്ഞത്. മാച്ച് റഫറി ഡേവിഡ് ജൂക്സ് ആണ് ഇത് അറിയിച്ചതെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് കോയെറ്റ്സര്‍ പറഞ്ഞത്. പക്ഷേ അത്തരം തീരുമാനം എന്ത് കൊണ്ടാണ് എടുത്തതെന്ന് തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു.

എന്നാല്‍ മാച്ച് റഫറിയുടെ ഈ തീരുമാനത്തെയാണ് ഇപ്പോള്‍ ഐസിസി തിരുത്തി മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement