ഹോങ്കോംഗിനു അട്ടിമറി ജയം, നെതര്‍ലാണ്ട്സ് പുറത്ത്, അയര്‍ലണ്ട് സെമിയില്‍

നെതര്‍ലാണ്ട്സിനെ 91 റണ്‍സിനു പരാജയപ്പെടുത്തി ഹോങ്കോംഗിനു ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം. തോല്‍വിയിലൂടെ നെതര്‍ലാണ്ട്സ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഇന്ന് നടക്കുന്ന ഒമാന്‍-സ്കോട്‍ലാന്‍ഡ് മത്സരത്തില്‍ സ്കോട്‍ലാന്‍ഡ് വലിയ മാര്‍ജിനില്‍ വിജയിക്കുകയാണെങ്കില്‍ ഹോങ്കോംഗിനു സെമി സാധ്യതയുണ്ട്. മറ്റൊരു മത്സരത്തില്‍ യുഎഇയെ 24 റണ്‍സിനു പരാജയപ്പെടുത്തി അയര്‍ലണ്ട് സെമിയില്‍ കടന്നു.

ടോസ് ലഭിച്ച അയര്‍ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ്(39), കെവിന്‍ ഒബ്രൈന്‍ 27 പന്തില്‍ നേടിയ 40 റണ്‍സ്, ഗാരി വില്‍സണ്‍(26), ഗ്രെഗ് തോംസണ്‍(17) എന്നിവരുടെ സഹായത്തോടു കൂടി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടുകയായിരുന്നു അയര്‍ലണ്ട്. യുഎഇ ക്യാപ്റ്റന്‍ അംജദ് ജാവേദ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ സ്വന്തമാക്കി. സഹൂര്‍ ഖാന്‍(2), ഇമ്രാന്‍ ഹൈദര്‍, മുഹമ്മദ് നവീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ യുഎഇയ്ക്ക് വേണ്ടി ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന രോഹന്‍ മുസ്തഫ ആദ്യ പന്തില്‍ പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. മറ്റൊരു ഇന്‍ഫോം ബാറ്റ്സ്മാനായ ഷൈമാന്‍ അന്‍വറും(5) നേരത്തെ പുറത്തായി. 4ാം ഓവറായപ്പോള്‍ 21/5 എന്ന നിലയിലേക്ക് തകര്‍ന്ന യുഎഇ-യെ മുഹമ്മദ് ഉസ്മാന്‍(24), അംജദ് ജാവേദ് പുറത്താകാതെ നേടിയ 47 റണ്‍സ്, മുഹമ്മദ് നവീദ്(25) എന്നിവര്‍ ചേര്‍ന്നാണ് 136 എന്ന സ്കോറിലേക്കെത്തിച്ചത്.

മൂന്ന് വിക്കറ്റുകള്‍ നേടിയ ബോയഡ് റാങ്കിന്‍ ആണ് കളിയിലെ കേമന്‍. ജേക്കബ് മുള്‍ഡര്‍ രണ്ട് വിക്കറ്റും, ക്രെയിഗ് യംഗ്, കെവിന്‍ ഒബ്രൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഗ്രൂപ്പ് എയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട് എന്നിവര്‍ സെമിയിലേക്ക് യോഗ്യത നേടി.

രണ്ടാമത്തെ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറി ഹോങ്കോംഗ് സ്വന്തമാക്കിയത്. ടോസ് നേടിയ ഹോങ്കോംഗ് മികച്ച സ്കോറാണ് പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ഹോങ്കോംഗ് നേടിയത്. നിസാകത് ഖാന്‍(59), അന്‍ഷുമാന്‍ രഥ്(44), വഖാസ് ഖാന്‍(33) എന്നിവരാണ് ഹോങ്കോംഗ് ബാറ്റിംഗില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ നെതര്‍ലാണ്ട്സ് 92 റണ്‍സിനു ഓള്‍ഔട്ട് ആയി 91 റണ്‍സ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബെന്‍ കൂപ്പര്‍(22) ആണ് നെതര്‍ലാണ്ട്സ് നിരയില്‍ ടോപ് സ്കോറര്‍. പതിനൊന്നാമനായി ഇറങ്ങിയ പോള്‍ വാന്‍ മക്കീരന്‍ നേടിയ 18 റണ്‍സാണ് അടുത്ത വലിയ സ്കോര്‍.

അന്‍ഷുമാന്‍ രഥ് മൂന്ന് വിക്കറ്റും, നദീം അഹമ്മദ് , എഹ്സാന്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും എഹ്സാന്‍ നവാസ്, ഐസാസ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.