കളി മറന്ന് അഫ്ഗാനിസ്ഥാന്, ഹോങ്കോംഗിനോടും തോല്‍വി

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി അഫ്ഗാനിസ്ഥാന്. ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനു 30 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 50 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 241 റണ്‍സ് നേടുകയായിരുന്നു. പിന്നീട് മഴ മൂലം 46 ഓവറില്‍ 226 റണ്‍സായി അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം പുനക്രമീകരിച്ചുവെങ്കിലും ടീമിനു 46 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 195 റണ്‍സ് മാത്രമേ നേടാനായുള്ളു.
ഹോങ്കോംഗിനു വേണ്ടി അന്‍ഷുമാന്‍ റാത്ത്(65) ആണ് ടോപ് സ്കോറര്‍ ആയത്. നിര്‍ണ്ണായകമായ സംഭാവനകളുമായി ബാബര്‍ ഹയത്(31), സ്കോട്ട് മക്ചെച്നി(24), നിസാകത് ഖാന്(28) എന്നിവര്‍ ബാറ്റ വീശി. മുജീബ് ഉര് റഹ്മാന്, മുഹമ്മദ് നബി എന്നിവര്‍ മൂന്ന് വീതം വിക്കറ്റാണ് അഫ്ഗാനിസ്ഥാനായി നേടിയത്.
തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതാണ് അഫ്ഗാനിസ്ഥാന്റെ ചേസിംഗിനെ ബാധിച്ചത്. 40 റണ്‍സ് നേടി പുറത്താകാതെ നിന്ന ദവലത് സദ്രാന് ടോപ് സ്കോറര്‍ ആയപ്പോള്‍ നിര്‍ണ്ണായക മത്സരത്തില്‍ ടോപ് ഓര്‍ഡറിനു താളം തെറ്റി. മുഹമ്മദ് നബി 38 റണ്‍സും നജീബുള്ള സദ്രാന് 32 റണ്‍സും നേടി.
4 വിക്കറ്റ് നേടിയ ഹോങ്കോംഗ് ബൗളര്‍ എഹ്സാന്‍ ഖാനാണ് കളിയിലെ താരം. നദീം അഹമ്മദ് രണ്ട് വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial