ലോകകപ്പ് യോഗ്യത പ്ലേഓഫ്, ഹോങ്കോംഗിനെ എറിഞ്ഞിട്ട് നെതര്‍ലാണ്ട്സ് ബൗളര്‍മാര്‍

സൂപ്പര്‍ സിക്സില്‍ കടക്കാനാകാതെ പ്ലേ ഓഫില്‍ ഏറ്റുമുട്ടിയ നെതര്‍ലാണ്ട്സ്-ഹോങ്കോംഗ് മത്സരത്തില്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം. നെതര്‍ലാണ്ട്സിനെ 174 റണ്‍സിനു എറിഞ്ഞിട്ട ശേഷം വിജയപ്രതീക്ഷ കൈവരിച്ച ഹോങ്കോംഗിനെ എറിഞ്ഞിട്ട് നെതര്‍ലാണ്ട്സ് ബൗളര്‍മാര്‍ ടീമിനു 44 റണ്‍സിന്റെ വിജയം നല്‍കി. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 48.2 ഓവറില്‍ 174 റണ്‍സിനു ഓള്‍ഔട്ട് ആയി. മാക്സ് ഒഡൗദ് 62 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയി. പീറ്റര്‍ ബോറന്‍(31), ബാസ് ഡി ലീഡ്(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഹോങ്കോംഗിനു വേണ്ടി നദീം അഹമ്മദ് മൂന്നും തന്‍വീര്‍ അഫ്സല്‍, എഹ്സാന്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാബര്‍ ഹയത് മാത്രമാണ് ഹോങ്കോംഗ് നിരയില്‍ പൊരുതി നോക്കിയത്. 52 റണ്‍സാണ് ഹയത് നേടിയത്. കൃത്യമായ ഇടവേളകളില്‍ നെതര്‍ലാണ്ട്സ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴത്തിയപ്പോള്‍ റണ്‍ കണ്ടെത്തുക ഹോങ്കോംഗിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായി. റോലോഫ് വാന്‍ ഡെര്‍ മെര്‍വ് നാല് വിക്കറ്റുമായി നെതര്‍ലാണ്ട്സ് ബൗളര്‍മാരില്‍ തിളങ്ങി. 43ാം ഓവറില്‍ 130 റണ്‍സിനു ഹോങ്കോംഗ് ഓള്‍ഔട്ട് ആയി പരാജയം സമ്മതിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial