ചരിത്ര മുഹൂര്‍ത്തവുമായി സിംബാബ്‍വേ, ശ്രീലങ്കയിലൊരു പരമ്പര വിജയം

- Advertisement -

വിദേശ മണ്ണില്‍ 8 വര്‍ഷത്തിനു ശേഷമുള്ള പരമ്പര വിജയവുമായി സിംബാബ്‍വേയ്ക്ക് ചരിത്ര നിമിഷം. പരമ്പര 2-2 നു തുല്യത പാലിച്ച് നില്‍ക്കുമ്പോള്‍ അഞ്ചാം ഏകദിനത്തില്‍ ശ്രീലങ്കയെ 3 വിക്കറ്റിനു പരാജയപ്പെടുത്തുകയായിരുന്നു സന്ദര്‍ശകര്‍. 204 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ സിംബാബ്‍വേ ഒരു ഘട്ടത്തില്‍ ലക്ഷ്യം അനായാസം നേടുമെന്ന് തോന്നിയെങ്കിലും 4 വിക്കറ്റ് നേട്ടവുമായി ധനന്‍ജയ ഡിസില്‍വ ശ്രീലങ്കന്‍ പ്രതീക്ഷകളെ നിലനിര്‍ത്തുകയായിരുന്നു. 175/7 എന്ന നിലയില്‍ ഒത്തുകൂടിയ സിക്കന്ദര്‍ റാസയും നായകന്‍ ഗ്രെയിം ക്രെമറും കൂടി ശ്രീലങ്കന്‍ ബൗളിംഗിനെ ചെറുത്ത് തോല്പിക്കുന്ന കാഴ്ചയാണ് കണ്ടത്. റാസ 27 റണ്‍സും ക്രെമര്‍ 11 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. 38.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‍വേ ശ്രീലങ്കന്‍ മണ്ണിലേ ആദ്യ പരമ്പര വിജയം സ്വന്തമാക്കി. തന്റെ ഓള്‍റൗണ്ട് മികവിനു സിക്കന്ദര്‍ റാസ കളിയിലെ താരമായപ്പോള്‍ ഹാമിള്‍ട്ടണ്‍ മസകഡ്സയാണ് പരമ്പരയിലെ കേമന്‍

 

സിംബാബ്‍വേ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് പരമ്പര വിജയത്തിനായി ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് നല്‍കിയത്. 15ാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 92 റണ്‍സായിരുന്നു. സോളമന്‍ മിറിനെ(43) പുറത്താക്കി ഗുണരത്നേ ആദ്യ പ്രഹരം നല്‍കി. തരിസായി മുസകാന്‍ഡയും ഹാമിള്‍ട്ടണ്‍ മസകഡ്സയും ചേര്‍ന്ന് രണ്ടാം വിക്കറ്റിലും റണ്ണുകള്‍ വാരിക്കൂട്ടിയപ്പോള്‍ വിജയം അനായാസമാകുമെന്ന് കരുതപ്പെട്ടു. എന്നാല്‍ മസകഡ്സ(73) പുറത്തായ ശേഷം സിംബാബ്‍വേ മധ്യനിര തകരുകയായിരുന്നു. തരിസായി മുസകാന്‍ഡ(37), ക്രെയിഗ് ഇര്‍വിന്‍, ഷോണ്‍ വില്യംസ് എന്നിവര്‍ ഡിസില്‍വയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ചരിത്ര മുഹൂര്‍ത്തം സിംബാബ്‍വേ കൈവിടുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ എട്ടാം വിക്കറ്റില്‍ 29 റണ്‍സാണ് സിംബാബ്‍വേ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement