ഡല്‍ഹി ടെസ്റ്റ് ഉപേക്ഷിക്കപ്പെട്ടേക്കാം, തീരുമാനം ഡേവിഡ് ബൂണിന്റെ കൈയ്യില്‍

ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ അവസാന ടെസ്റ്റായ ഫിറോസ് ഷാ കോട്‍ല ടെസ്റ്റ് ഉപേക്ഷിക്കാന്‍ സാധ്യത. ഇന്ന് രണ്ടാം ദിവസം വായു മലിനീകരണം കാണിച്ച് ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കുവാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് മാസ്ക് നല്‍കി കളി പുനരാരംഭിച്ചുവെങ്കിലും ലഹിരു ഗമാഗേ, സുരംഗ ലക്മല്‍, ധനന്‍ജയ ഡിസില്‍വ, ജെഫ്രെ വാന്‍ഡേര്‍സേ എന്നീ താരങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളായിരുന്നു.

ഓക്സിജന്‍ സിലിണ്ടറുകളും കുത്തിവയ്പുമെല്ലാം ശ്രീലങ്കന്‍ താരങ്ങളുടെ സഹായത്തിനായി ഉപയോഗിക്കേണ്ടി വന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്. പല താരങ്ങളും ഗ്രൗണ്ടില്‍ നിന്ന് ഫീല്‍ഡിംഗ് സാധ്യമല്ലാതെ ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയപ്പോള്‍ രോഷാകുലനായി വിരാട് കോഹ്‍ലി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മാച്ച് റഫറി ഡേവിഡ് ബൂണ്‍ ശ്രീലങ്കന്‍ ഡ്രെസ്സിംഗ് റൂമിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ച് മത്സരം ഉപേക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ അതാവാം എന്ന് അറിയിച്ചിട്ടുള്ളതാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഒട്ടേറെ ഇന്ത്യന്‍ താരങ്ങളും ഡ്രെസ്സിംഗ് റൂമില്‍ മാസ്ക് ധരിച്ചാണ് ഇരുന്നിരുന്നത്. ശ്രീലങ്കയുടെ സുരംഗ ലക്മല്‍ ഛര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പത്രലേഖകരോട് ശ്രീലങ്കയുടെ കോച്ച് നിക് പോത്താസ് അറിയിച്ചത്. ഇഷ്ടം പോലെ മധുരം കഴിക്കാനും വെള്ളം കുടിക്കുവാനുമാണ് ഡോക്ടര്‍മാര്‍ ശ്രീലങ്കന്‍ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫീല്‍ഡിംഗിനിടെ ഇന്ത്യന്‍ താരങ്ങളായ മുരളി വിജയ്, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്കും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.

സമാനമായ സ്ഥിതിയില്‍ ഒട്ടേറെ രഞ്ജി മത്സരങ്ങളും കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഫിഫയും ലോകകപ്പ് ഒക്ടോബ-ഫെബ്രുവരി മാസങ്ങളില്‍ മത്സരങ്ങള്‍ നടത്താന്‍ ഡല്‍ഹി യോഗ്യമല്ലായെന്ന് U-17 ലോകകപ്പ് സമയത്ത് അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial