136 റണ്‍സ് നേടാനാകാതെ പാക്കിസ്ഥാന്‍, ശ്രീലങ്കന്‍ ജയം 21 റണ്‍സിനു

ഇന്ത്യയ്ക്കെതിരെയുള്ള തുടര്‍ തോല്‍വികളുടെ ഓര്‍മ്മകളെ മായ്ക്കുവാനായി ആവേശകരമായ ജയം സ്വന്തമാക്കി ശ്രീലങ്ക. അഞ്ചാം ദിവസത്തിലേക്ക് മത്സരം കടക്കുമ്പോള്‍ അബുദാബിയില്‍ പാക്കിസ്ഥാനു ആയിരുന്നു മേല്‍ക്കൈ. എന്നാല്‍ പാക്കിസ്ഥാന്റെ യസീര്‍ ഷായുടെ 5 വിക്കറ്റ് നേട്ടത്തെ വെല്ലുന്ന നേട്ടവുമായി രംഗന ഹെരാത്ത് തിളങ്ങിയപ്പോള്‍ പാക്കിസ്ഥാനെതിരെ 21 റണ്‍സ് ജയം ശ്രീലങ്ക സ്വന്തമാക്കി. 136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ 114 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 3 റണ്‍സ് ലീഡ് സ്വന്തമാക്കിയ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 138 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. പാക്കിസ്ഥാന്റെ യസീര്‍ ഷാ 5 വിക്കറ്റ് നേടി ശ്രീലങ്കന്‍ ബാറ്റിംഗിനെ പ്രതിസന്ധിയിലാഴ്ത്തുകയായിരുന്നു. 40 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ല പുറത്താകാതെ നിന്നപ്പോള്‍ മറ്റൊരു ശ്രീലങ്കന്‍ ബാറ്റ്സ്മാനും 25നു മേല്‍ റണ്‍സ് നേടാനായില്ല.

136 റണ്‍സ് തേടി ഇറങ്ങിയ പാക്കിസ്ഥാനെ ദില്‍രുവന്‍ പെരേരയും രംഗന ഹെരാത്തും ചേര്‍ന്ന് വട്ടം കറക്കുകയായിരുന്നു. 34 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ ഹാരിസ് സൊഹൈല്‍ പൊരുതി നോക്കിയെങ്കിലും ചെറുത്ത്നില്പിനെ ദില്‍രുവന്‍ പെരേര അവസാനിപ്പിക്കുകയായിരുന്നു. 6 വിക്കറ്റ് നേടിയ രംഗന ഹെരാത്ത് ആണ് മത്സരത്തിലെ താരം. ദില്‍രുവന്‍ പെരേര 3 വിക്കറ്റ് വീഴ്ത്തി.

സ്കോര്‍:
ശ്രീലങ്ക: 419, 138
പാക്കിസ്ഥാന്‍: 422, 114

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെർണർക്ക് പരിക്ക്, ജർമ്മനിയുടെ യോഗ്യതാ മത്സരങ്ങൾക്കില്ല
Next articleദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് കരുത്തിനു മുന്നില്‍ തകര്‍ന്ന് ബംഗ്ലാദേശ്