ഹെരാത്ത് ടോപ് സ്കോറര്‍, ഇന്ത്യയെ വട്ടംകറക്കി ശ്രീലങ്കന്‍ വാലറ്റം

ശ്രീലങ്കയെ കുറഞ്ഞ ലീഡിനു പുറത്താക്കാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കി വെറ്ററന്‍ താരം രംഗന ഹെരാത്ത്. പതിവു പോലെ പന്ത് കൊണ്ട് അത്ഭുതം കാട്ടാനാകാതെ പോയ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം ഇത്തവണ കണക്ക് തീര്‍ത്തത് ബാറ്റ് കൊണ്ടാണ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ആയ ഹെരാത്തിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടാന്‍ ശ്രീലങ്കയെ സഹായിച്ചത്. 122 റണ്‍സിന്റെ ലീഡോടു കൂടി ശ്രീലങ്ക 294 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

201/7 എന്ന നിലയില്‍ നിന്ന് ഹെരാത്ത് പുറത്താവുമ്പോള്‍ ശ്രീലങ്കയുടെ സ്കോര്‍ 290 റണ്‍സായിരുന്നു. 67 റണ്‍സ് നേടിയ ഹെരാത്തിന്റെ ചെറുത്ത് നില്പ് ഭുവനേശ്വര്‍ കുമാറാണ് അവസാനിപ്പിച്ചത്. സുരംഗ ലക്മലുമായി ചേര്‍ന്ന് സുപ്രധാനമായ 46 റണ്‍സ് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് നേടാനും ഹെരാത്തിനു സാധിച്ചു. സുരംഗ ലക്മല്‍ 16 റണ്‍സ് നേടി. 83.4 ഓവറില്‍ നിന്ന് 294 റണ്‍സ് നേടിയാണ് ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത്.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ , മുഹമ്മദ് ഷമി എന്നിവര്‍ 4 വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സില്‍ വീണ വിക്കറ്റുകള്‍ എല്ലാം തന്നെ പേസ് ബൗളര്‍മാരാണ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial