ന്യൂസിലാണ്ട് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയും പരുങ്ങലില്‍

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ആദ്യ ദിനം ബൗളര്‍മാര്‍ക്ക്. ആദ്യ ദിവസം 12 വിക്കറ്റുകളാണ് വീണത്. ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 268നു അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 24/2 എന്ന നിലയിലാണ് ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍. കാഗിസോ റബാഡ എട്ട് റണ്ണുമായും റണ്ണൊന്നുമെടുക്കാതെ ഹാഷിം അംലയുമാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്ക ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.

ഹെന്‍റി നിക്കോളസിന്റെ കന്നി ശതകമാണ് ന്യൂസിലാണ്ട് ഇന്നിംഗ്സിന്റെ മുഖ്യ ആകര്‍ഷണം. 118 റണ്‍സ് നേടിയ ഹെന്‍റിയ്ക്ക് പിന്തുണ നല്‍കാന്‍ ജീത് റാവല്‍(36) വാട്ളിംഗ്(34) എന്നിവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 21/3 എന്ന നിലയില്‍ നിന്ന് ജീത് റാവല്‍-ഹെന്‍റി നിക്കോളസ് കൂട്ടുകെട്ട് നേടിയ 52 റണ്‍സ് കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനു പൊരുതാവുന്ന ടോട്ടലിലേക്കെത്തുവാനുള്ള ഊര്‍ജ്ജം നല്‍കിയത്. റാവല്‍ പുറത്തായ ശേഷവും ഹെന്‍റി തന്റെ ബാറ്റിംഗ് മികവ് പുലര്‍ത്തി. ഇവര്‍ക്ക് പുറമേ വാലറ്റത്തില്‍ ടിം സൗത്തിയും(27) ജീതന്‍ പട്ടേലും(17*) ഉപകാരപ്രദമായ ഇന്നിംഗ്സുകള്‍ കളിച്ചു. പരിക്കേറ്റ റോസ് ടെയ്‍ലര്‍ക്ക് പകരം ടീമിലെത്തിയ നീല്‍ ബ്രൂം പൂജ്യത്തിനു പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജീന്‍-പോള്‍ ഡുമിനി 4 വിക്കറ്റുകള്‍ വീഴ്ത്തി. മോര്‍ണേ മോര്‍ക്കല്‍, റബാഡ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

ദക്ഷിണാഫ്രിക്കയുടെ തുടക്കവും മികച്ചതല്ലായിരുന്നു. സ്റ്റീഫന്‍ കുക്കിനെ(3) സൗത്തി പുറത്താക്കിയപ്പോള്‍ ഡീന്‍ എല്‍ഗാറിനെ കോളിന്‍ ഗ്രാന്‍ഡോം പവലിയനിലേക്ക് മടക്കി. 244 റണ്‍സിനു പിന്നിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍.