ഇംഗ്ലണ്ടിലേക്ക് ഹാസല്‍വുഡ് ഇല്ല

ഇംഗ്ലണ്ട് ഏകദിന പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനു വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പരിക്ക്. ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം പേസര്‍ ജോഷ് ഹാസല്‍വുഡിന്റെ സേവനം ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ട് പര്യടനത്തിനു ലഭ്യമാവില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ പരിക്കേറ്റത്തിനാല്‍ നിലവില്‍ തന്നെ ഓസ്ട്രേലിയന്‍ പേസ് ബൗളിംഗ് ദുര്‍ബലമായിട്ടുണ്ട്. ഹാസല്‍വുഡിനു പകരം ക്യൂന്‍സ്‍ലാന്‍ഡ് താരം മൈക്കല്‍ നീസര്‍ ടീമില്‍ എത്തുമെന്നാണ് അറിയുന്നത്.

പുറത്തിനേറ്റ പരിക്കാണ് താരത്തിന്റെ സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഫിസിയോ പറഞ്ഞത്. സ്കാനുകളില്‍ പരിക്ക് ഭേദമായിട്ടില്ലെന്നാണ് കണ്ടെത്താനായത്. അതിനാല്‍ ഏകദിന പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് ഹാസല്‍വുഡിനെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലണ്ടില്‍ അഞ്ച് ഏകദിനങ്ങളാണ് ഓസ്ട്രേലിയ കളിക്കുക. ആന്‍ഡ്രൂ ടൈ, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്, ജൈ റിച്ചാര്‍ഡ്സണ്‍ എന്നിവരടങ്ങിയതാണ് നിലവില്‍ ഓസ്ട്രേലിയയുടെ പേസ് ബൗളിംഗ് നിര.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅട്ടിമറിക്ക് കെൽപ്പുള്ള ഡാനിഷ് പട
Next articleലോര്‍ഡ്സ് ടെസ്റ്റ്: ബൗളിംഗിലെ മെല്ലെപ്പോക്ക്, പാക്കിസ്ഥാനു പിഴ