ഹതുരുസിംഗ ഡിസംബര്‍ അവസാനം ചുമതലയേല്‍ക്കും

- Advertisement -

ബംഗ്ലാദേശിന്റെ മുന്‍ ഹെഡ് കോച്ച് ചന്ദിക ഹതുരുസിംഗ ശ്രീലങ്കയുടെ പുതിയ കോച്ചായി ഡിസംബര്‍ 20നു ചുമതലയേല്‍ക്കും. ഹതുരുസിംഗയുടെ ആദ്യ ദൗത്യം തന്നെ ശ്രീലങ്കയുടെ ബംഗ്ലാദേശ് പര്യടനമായിരിക്കും. ജനുവരിയിലാണ് പരമ്പര നടക്കാനിരിക്കുന്നത്. മികച്ച കോച്ചിംഗ് റെക്കോര്‍ഡുള്ള ചന്ദിക ട്രെവര്‍ ബെയിലിസ്സിനു കീഴില്‍ ശ്രീലങ്കയുടെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചിരുന്നു. ശ്രീലങ്ക എ ടീമിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹതുരുസിംഗയെ സീനിയര്‍ ടീമിന്റെ കോച്ചിംഗ് പാനലിലേക്ക് എത്തിക്കുവാന്‍ ആവശ്യപ്പെട്ടത് കുമാര്‍ സംഗക്കാരയായിരുന്നു. 2011 ലോകകപ്പിനു ശേഷം ശ്രീലങ്കയുടെ മുഖ്യ കോച്ചാവുമെന്ന് ഹതുരുസിംഗേ കരുതപ്പെട്ടുവെങ്കിലും അന്നത്തെ ബോര്‍ഡ് പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു.

പിന്നീട് ഓസ്ട്രേലിയയിലേക്ക് ചേക്കേറിയ ഹതുരുസിംഗ ന്യൂ സൗത്ത് വെയില്‍സിനും പിന്നീട് ബംഗ്ലാദേശ് ദേശീയ ടീമിന്റെയും കോച്ചായി പ്രവര്‍ത്തിച്ചു. ചന്ദിക ഹതുരുസിംഗയുടെ കീഴില്‍ വളരെയേറെ മുന്നോട്ട് പോകുവാന്‍ ബംഗ്ലാദേശിനു സാധിച്ചിരുന്നു. ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെ ടെസ്റ്റ് വിജയങ്ങള്‍ നേടുവാന്‍ ബംഗ്ലാദേശിനു ഈ കാലയളവില്‍ കഴിഞ്ഞു. 2019 ലോകകപ്പ് വരെ കരാറുണ്ടെങ്കിലും കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനവും ടീമില്‍ ചിലരുമായുള്ള അഭിപ്രായ വ്യത്യാസവുമാണ് കോച്ച് പദവി ഒഴിയാന്‍ ഹതുരുസിംഗയെ പ്രേരിപ്പിച്ചത്.

ഇന്ന് സീനിയര്‍ ടീമിലുള്ള ഒട്ടേറെ താരങ്ങള്‍ ഹതുരുസിംഗയുടെ കീഴില്‍ എ ടീമില്‍ കളിച്ചിട്ടുള്ളവരാണെന്നതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement