500 ഇല്ല, ഏകദിനത്തില്‍ റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്

- Advertisement -

ഒരു ഘട്ടത്തില്‍ ഏകദിനത്തില്‍ 500 കടക്കുന്ന ആദ്യ ടീമാകും ഇംഗ്ലണ്ടെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണത് ചരിത്ര നേട്ടം കുറിക്കുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ തടഞ്ഞുവെങ്കിലും ഏകദിനത്തില്‍ തങ്ങളുടെ തന്നെ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട് പുരുഷന്മാരുടെ ഏകദിനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ടീമായി മാറുകയായിരുന്നു. 490 റണ്‍സുമായി ന്യൂസിലാണ്ട് വനിതകള്‍ക്കാണ് ഈ റെക്കോര്‍ഡ് സ്വന്തം.

അലക്സ് ഹെയില്‍, ജോണി ബൈര്‍സ്റ്റോ, ജേസണ്‍ റോയ് എന്നിവര്‍ തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് അപ്രാപ്യമായ ലക്ഷ്യം നല്‍കി ഇംഗ്ലണ്ട്. 50 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 481 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ടോസ് നേടി ടിം പെയിന്‍ ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും കാര്യങ്ങളൊന്നും ഓസ്ട്രേലിയയ്ക്ക് അനുകൂലമായിരുന്നുില്ല. ജോണി ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും ഒപ്പത്തിനൊപ്പം റണ്‍സ് നേടുവാന്‍ ഉത്സാഹം കാണിച്ച മത്സരത്തില്‍ 20ാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 159 റണ്‍സായിരുന്നു.

82 റണ്‍സ് നേടി റോയ് റണ്ണൗട്ടായി പുറത്താകുകയായിരുന്നു. റോയിയ്ക്ക് പകരം കൂട്ടായി എത്തിയ അലക്സ് ഹെയില്‍സും ബൈര്‍സ്റ്റോയ്ക്ക് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം വിക്കറ്റില്‍ 151 റണ്‍സ് കൂടി നേടി. 92 പന്തില്‍ 139 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെയാണ് ഇംഗ്ലണ്ടിനു രണ്ടാമത് നഷ്ടമായത്. 15 ബൗണ്ടറിയും 5 സിക്സുമാണ് ബൈര്‍സ്റ്റോ തന്റെ ഇന്നിംഗ്സില്‍ നേടിയത്.

പിന്നീട് ജോസ് ബട്‍ലറെ(11) വേഗത്തില്‍ നഷ്ടമായെങ്കിലും നായകന്‍ ഓയിന്‍ മോ‍ര്‍ഗനും അലക്സ് ഹെയില്‍സും ചേര്‍ന്ന് ഇംഗ്ലണ്ട് സ്കോര്‍ 450 കടത്തുകയായിരുന്നു. 92 പന്തില്‍ 147 റണ്‍സ് നേടിയ അലക്സ് ഹെയില്‍സ് പുറത്തായതോടെ 124 റണ്‍സ് കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു.  തൊട്ടടുത്ത പന്തില്‍ ഓയിന്‍ മോര്‍ഗനും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ 500 കടക്കുവാനുള്ള മോഹത്തിനു തിരിച്ചടിയാകുകയായിരുന്നു. 30 പന്തില്‍ 67 റണ്‍സാണ് ഓയിന്‍ മോര്‍ഗന്‍ നേടിയത്. ജൈ റിച്ചാര്‍ഡ്സണാണ് ഇരുവരുടെയും വിക്കറ്റുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement