
മാര്ട്ടിന് ഗുപ്ടിലിന്റെ കൂറ്റന്‍ ഇന്നിംഗ്സിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ന്യൂസിലാണ്ട്. ഹാമിള്ട്ടണ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മാര്ട്ടിന് ഗുപ്തില്‍ പുറത്താകാതെ നേടിയ 180 റണ്‍സാണ് ന്യൂസിലാണ്ടിനു കരുത്താര്‍ന്ന വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എബി ഡിവില്ലിയേഴ്സ്(72*), ഡ്യുപ്ലെസി(67), അംല(40) എന്നിവരുടെ മികവില്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടുകയായിരുന്നു. 45ാം ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാണ്ട് ലക്ഷ്യം മറികടന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ജീത്തന്‍ പട്ടേലിനെ ബൗളിംഗിനായി കൊണ്ടു വന്നാണ് ന്യൂസിലാണ്ട് നായകന് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരെ വരവേറ്റത്. മൂന്നാം പന്തില്‍ ക്വിന്റണ്‍ ഡിക്കോക്കിനെ ദക്ഷിണാഫ്രിക്കയ്ക്ക നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡ് 1/1. രണ്ടാം വിക്കറ്റില്‍ 65 റണ്‍സാണ് ഡ്യുപ്ലെസി-അംല കൂട്ടുകെട്ട് സമ്മാനിച്ചത്. എന്നാല്‍ ഇരുവരും പുറത്തായതോടു കൂടി ദക്ഷിണാഫ്രിക്ക 140/4 എന്ന നിലയിലേക്ക് വീണു. ഡിവില്ലിയേഴ്സിനു കൂട്ടായി ക്രിസ് മോറിസ്(28), വെയിന്‍ പാര്‍ണല്‍(29) എന്നിവര്‍ മികച്ച ബാറ്റിംഗാണ് കാഴ്ചവെച്ചത്. 12 പന്തില്‍ നിന്നാണ് പാര്‍ണല്‍ 29 റണ്‍സ് നേടിയത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ പാര്‍ണല്‍ റണ്‍ഔട്ട് ആയപ്പോള്‍ ഡിവില്ലിയേഴ്സ് പുറത്താകാതെ നില്‍ക്കുകയായിരുന്നു.
ജീതന്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റുമായി മിച്ചല്‍ സാന്റനര്‍, ട്രെന്റ് ബൗള്‍ട്ട്, ടിം സൗത്തി, ജെയിംസ് നീഷം എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
ഡീന്‍ ബ്രൗണിയെ ആദ്യമേ നഷ്ടമായെങ്കിലും ന്യൂസിലാണ്ടിന്റെ ആധിപത്യമാണ് മത്സരത്തിലുടനീളം കണ്ടത്. കെയിന്‍ വില്യംസണ്(21) പുറത്തായ ശേഷം റോസ് ടെയ്ലര്-ഗുപ്ടില്‍ കൂട്ടുകെട്ട് മത്സരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് തട്ടിയെടുക്കുന്ന കാഴ്ചയാണ് കണ്ടത്. 66 റണ്‍സ് നേടിയ ടെയ്ലറെ പുറത്താക്കി താഹിര്‍ ആണ് 180 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനു വിരാമമിട്ടത്.