വീണ്ടും ഗുണരത്നേ, വീണ്ടും ശ്രീലങ്ക

- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെ അവസാന പന്തില്‍ വിജയം നേടി ടി20 പരമ്പര ശ്രീലങ്കയ്ക്ക്. അവസാന ഓവറില്‍ 14 റണ്‍സ് തേടി ഇറങ്ങിയ ലങ്കയെ അസേല ഗുണരത്നയുടെ(84*) ഇന്നിംഗ്സിന്റെ മികവിലാണ് ലക്ഷ്യം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 173 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്ക അവസാന പന്തിലാണ് 2 വിക്കറ്റ് വിജയം കൈവരിച്ചത്. അസേല ഗുണരത്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നേടിയ ലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. മൂന്നാം ഓവറില്‍ ഫിഞ്ചിനെ(12) നഷ്ടമായെങ്കിലും മൈക്കല്‍ ക്ലിംഗര്‍(43), ബെന്‍ ഡങ്ക്(32), മോയിസസ് ഹെന്‍റികെസ് (56*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഓസ്ട്രേലിയ കൂറ്റന്‍ ലക്ഷ്യത്തിലേക്കെത്തുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ശ്രീലങ്ക ശക്തമായ തിരിച്ചുവരവ് നടത്തി. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ലങ്ക ഓസ്ട്രേലിയയെ 173ല്‍ നിയന്ത്രിക്കുകയായിരുന്നു.

നുവാന്‍ കുലശേഖര നാല് വിക്കറ്റും മലിംഗ, വികും സഞ്ജയ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. അസേല ഗുണരത്നേ, സീകുജേ പ്രസന്ന എന്നിവരായിരുന്നു മറ്റു വിക്കറ്റ് നേട്ടക്കാര്‍.

ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടു കൂടിയയായിരുന്നു. ഒരു ഘട്ടത്തില്‍ 40/5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ അവരെ. ഗുണരത്നേ-കപുഗേധര കൂട്ടുകെട്ടാണ് തുണയ്ക്കെത്തിയത്. 52 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടിനു വിരാമമിട്ട് കപുഗേധര(32) പുറത്തായെങ്കിലും ഗുണരത്നേ തന്റെ ബാറ്റിംഗ് വൈഭവം തുടര്‍ന്നു. അവസാന രണ്ടോവറില്‍ 36 റണ്‍സ് വേണ്ടിയിരുന്ന ലങ്കയ്ക്ക് 19ാം ഓവറില്‍ നേടിയ 22 റണ്‍സാണ് വിജയപ്രതീക്ഷ നല്‍കിയത്. മോയിസസ് ഹെന്‍റികസ് എറിഞ്ഞ ഓവറില്‍ ഓവറില്‍ ഗുണരത്നേ 3 സിക്സറുകളും ഒരു ബൗണ്ടറിയുമാണ് നേടിയത്.

അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന ലങ്കയ്ക്ക് ആദ്യ പന്തില്‍ കുലശേഖരയെ നഷ്ടമായെങ്കിലും ഗുണരത്നേ അവസാന പന്തില്‍ ബൗണ്ടറി നേടി ടീമിനു വിജയവും പരമ്പരയും സമ്മാനിച്ചു.

Advertisement