അച്ചടക്ക നടപടി, ഇന്ത്യ എ ടീമില്‍ നിന്ന് ഗൗതമിനെ ഒഴിവാക്കി

കര്‍ണ്ണാടകയുടെ കെ ഗൗതം ദുലീപ് ട്രോഫി മത്സരങ്ങളില്‍ നിന്ന് അസുഖം മൂലം വിട്ടു നില്‍ക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ താരം പങ്കെടുത്തതോടെ ബിസിസിഐ താരത്തിനെ നടപടി എടുക്കുകയായിരുന്നു. ഒക്ടോബറില്‍ ന്യൂസിലാണ്ടിനെതിരെ കളിക്കുന്ന ഇന്ത്യ എ സ്ക്വാഡില്‍ അംഗമായിരുന്നു കെ ഗൗതമിനെ ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഗൗതമിനു പകരം ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദുലീപ് ട്രോഫി ആദ്യ മത്സരം ഒഴിവാക്കുന്നതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വരെ നല്‍കിയ താരം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുകയായിരുന്നു. ബോര്‍ഡ് താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി അറിയിച്ചിട്ടുണ്ട്. അന്വേഷണം കഴിയുന്നത് വരെ താരത്തിനെ ഇന്ത്യ എ ടീമിലേക്ക് പരിഗണിക്കുകയില്ലെന്ന് ജോഹ്രി വ്യക്തമാക്കി.

കരുണ്‍ നായകരും ദുലീപ് ട്രോഫി മത്സരത്തില്‍ നിന്ന് സ്വയം ഒഴിവായി കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ഒന്നു രണ്ട് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ബിസിസിഐ അത് നിരീക്ഷിച്ചു വരികയാണെന്നാണ് ഇതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ബിസിസിഐ വൃത്തങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial