
ഗ്ലോബര്‍ ടി20 കാനഡ ലീഗില്‍ വിന്നിപെഗ് ഹോക്സിനു ജയം. മോണ്ട്രിയല് ടൈഗേഴ്സിനെതിരെയാണ് ഹോക്സിന്റെ 46 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത വിന്നിപെഗ് ഹോക്ക്സ് 203 റണ്‍സാണ് 20 ഓവറില്‍ നിന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡേവിഡ് വാര്‍ണറെ രണ്ടാം ഓവറില്‍ പുറത്താക്കി മലിംഗ താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനു അധികം അയുസ്സ് നല്‍കിയില്ല.
എന്നാല്‍ ലെന്‍ഡല്‍ സിമ്മണ്‍സ്(36), ബെന്‍ മക്ഡര്‍മട്ട്(68), ഡാരെന്‍ ബ്രാവോ(54), ഡേവിഡ് മില്ലര്‍(35*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ മികച്ച സ്കോറിലേക്ക് വിന്നിപെഗ് ഹോക്സ് എത്തി. ലസിത് മലിംഗ മാത്രമാണ് ടൈഗേഴ്സ് ബൗളര്‍മാരില്‍ പ്രഭാവമുണ്ടാക്കിയത്. 2 വിക്കറ്റാണ് 19 റണ്‍സ് മാത്രം വിട്ടു നല്കി തന്റെ സ്പെല്‍ പൂര്‍ത്തിയാക്കിയ മലിംഗ നേടിയത്. ജോര്‍ജ്ജ് വര്‍ക്കര്‍, കെവണ്‍ കൂപ്പര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ മോണ്ട്രിയല് ടൈഗേഴ്സ് 18.5 ഓവറില്‍ 157 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ടീമിനു തിരിച്ചടിയായത്.
13 പന്തില്‍ 30 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടോപ് സ്കോറര്‍. സുനില്‍ നരൈന്(20), മോയിസസ് ഹെന്റിക്കസ്(23), ജോര്‍ജ്ജ് വര്‍ക്കര്‍(26), റയ്യാന്‍ പത്താന്(20), ആഷ്ലി നഴ്സ്(26) എന്നിവര്‍ റണ്‍സ് നേടിയെങ്കിലും അധിക നേരം പിടിച്ചു നില്‍ക്കാനാകാതെ പോയത് ടീമനു ഗുണം ചെയ്തില്ല.
ഹോക്സിനു വേണ്ടി ജുനൈദ് സിദ്ദിക്കിയും ഡ്വെയിന്‍ ബ്രാവോയും മൂന്ന് വിക്കറ്റും അലി ഖാന് രണ്ടും വിക്കറ്റ് നേടി. റയാദ് എമ്രിറ്റും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
