ബാറ്റിംഗില്‍ തിളങ്ങി സുനില്‍ നരൈന്‍, മോണ്ട്രിയല്‍ ടൈഗേഴ്സിനു ജയം

തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ് ബോര്‍ഡ് ടീം. ആദ്യ ഘട്ടത്തിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പരാജയമറിയാതിരുന്ന വിന്‍ഡീസ് ബോര്‍ഡ് ടീമിനു റൗണ്ടിലെ അവസാന മത്സരത്തിലും രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സ്ഥിതിയാണിപ്പോള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനോടാണ് ടീമിന്റെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടിയെങ്കിലും 17.3 ഓവറില്‍ ടൈഗേഴ്സ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഷമര്‍ സ്പ്രിംഗര്‍(62) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ടൈഗേഴ്ലിനു വേണ്ടി നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് വിജയത്തിന്റെ അടിത്തറ പാകിയത് സുനില്‍ നരൈന്റെ വെടിക്കെട്ടാണ്. 25 പന്തില്‍ 9 സിക്സ് അടക്കം 61 റണ്‍സ് നേടിയ സുനിലിനു പിന്തുണയായി മോയിസസ് ഹെന്‍റിക്കസ്(32), സിക്കന്ദര്‍ റാസ(32), നജീബുള്ള സദ്രാന്‍ എന്നിവരും ചേര്‍ന്നപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ടീം വിജയം നേടി. 12 പന്തില്‍ 29 റണ്‍സ് നേടി സദ്രാനാണ് റാസയ്ക്കൊപ്പം ടീമിന്റെ വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചത്.

ബോര്‍ഡ് ടീമിനായി ഖാരി പിയറി രണ്ടും ഫാബിയന്‍ അലന്‍, ദെര്‍വാല്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial